Part 33

ഗ്വാണ്ടിനാമോ, അബുഗരീസി, ആന്തമാന്‍ സെല്ലുലാര്‍... ഏതൊരു കാരണം കൊണ്ടുപോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പേരുകളാണിതെല്ലാം.  മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ  ജയിലറകള്‍.  ഇത്തരം ജയിലറകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്നുമുണ്ടായിരുന്നു.  അമേരിക്കയിലെ മാര്‍ട്ടിനിക് ദ്വീപിലെ സെന്റ്പിയറിയില്‍ ഒരു കരിങ്കല്‍ ജയില്‍ ഉണ്ടായിരുന്നു.  ലഡ്ഗര്‍ സില്‍ബാരിസ് എന്ന പ്രതിയുടെ ഏകാന്ത തടവ് ഇവിടെയായിരുന്നു.  കുഴപ്പക്കാരനായ കൊടും കുറ്റവാളി.  കാറ്റുപോലും കടക്കാത്ത ഇരുട്ടറയായിരുന്നു ഈ ജയില്‍.  ഒരു പ്രഭാതം, നിലവിളികള്‍ കേട്ടാണ് ലഡ്ഗര്‍ ഉറക്കമെഴുന്നേറ്റത്.  ചുറ്റും ഇരുട്ട്. ഒന്നും മനസ്സിലാകുന്നില്ല.  തന്റെ ശരീരം പൊള്ളുന്നത് അയാള്‍ അറിഞ്ഞു.  ജയിലിനു സമീപമുള്ള പെലി അഗ്നിപര്‍വ്വതം പൊട്ടിയിരിക്കുന്നു.  മുപ്പതിനായിരം പേര്‍ ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.  പക്ഷെ ഒരാള്‍ മാത്രം രക്ഷപ്പെട്ടു.  കരിങ്കല്‍ തുറുങ്കിലടയ്ക്കപ്പെട്ട ലഡ്ഗര്‍.  അത്ഭുതമനുഷ്യനെന്ന പേര് ലെഡ്ഗറിനു വീണു.  സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കി ജയില്‍ മോചിതനാക്കി.  ബാര്‍ നം 4 ബെയ്‌ലി എന്ന സര്‍ക്കസ് കമ്പനി 'ആ ഭാഗ്യമനുഷ്യന് ' ജോലി നല്‍കി.  നാടെങ്ങും പ്രദര്‍ശനങ്ങള്‍ ഒരുക്കി.  ലഡ്ഗറിന്റെ ജീവിതം മറ്റൊന്നാകുകയായിരുന്നു.  ഇന്നുകള്‍ അല്ല നാളെകള്‍, ഇന്നിന്റെ വിഷമതകള്‍ നാളെയും തുടരും എന്ന് കരുതരുത്.  നല്ലതുകളുടെ ഒരു നാളെ നമ്മളെ കാത്തിരിക്കുന്നുണ്ട്.   അതിനായി ഇന്നത്തെ വിഷമതകളില്‍ നിന്നും കരുത്താര്‍ജ്ജിക്കാന്‍ സ്വയം തയ്യാറാകുക.  മറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ അതിനുത്തരവാദി നമ്മള്‍ തന്നെയാണ്.  ഓര്‍ക്കുക  ' ഈ നിമിഷവും കടന്ന് പോകും '   എന്ന് - ശുഭദിനം 

0 comments:

Post a Comment