
കാട്ടില്‍ ആരോ കെണി വെച്ചിരുന്നു. ആ കെണിയില്‍ സിംഹമാണ് അകപ്പെട്ടത്. സിംഹത്തിന്റെ കരച്ചില്‍ കേട്ട് ഒരു ആട്ടിന്‍കുട്ടി വന്നു. സിംഹം ചോദിച്ചു: എന്നെ രക്ഷിക്കാമോ? തന്നെ ഉപദ്രവിക്കില്ല എന്ന വ്യവസ്ഥയില്‍ ആട്ടിന്‍കുട്ടി സിംഹത്തെ തുറന്നുവിട്ടു. പുറത്തെത്തിയ സിംഹത്തിന്റെ മട്ടുമാറി. തന്നെ തിന്നാനൊരുങ്ങിയ സിംഹത്തോട് ആട് കരഞ്ഞപേക്ഷിച്ചു. അപ്പോഴേക്കും അവിടെ മറ്റുമൃഗങ്ങളെല്ലാവരുമെത്തി. പക്ഷേ, സിംഹത്തെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് അറിയാവുന്നതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല. അപ്പോഴാണ് ഒരു കഴുത ആ വഴിയെത്തിയത്. കഴുത പറഞ്ഞു: സത്യത്തില്‍ ഇവിടെ എന്താണ് നടന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒന്ന് കാണിച്ചു തരാമോ? ഇത് കേട്ട് സിംഹം കൂട്ടിനകത്തുകയറി. പുറത്ത് നിന്ന് കൂട് പൂട്ടാനാവശ്യപ്പെട്ടു. കൂട് പൂട്ടിയതിന് ശേഷം സിംഹം പറഞ്ഞു: ഞാന്‍ ഇവിടെ ഇങ്ങനെ നിന്നു കരഞ്ഞപ്പോള്‍ ആ ആട്ടിന്‍കുട്ടി എന്നെ രക്ഷിച്ചു. അപ്പോള്‍ കഴുത പറഞ്ഞു: ഇപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ വ്യക്തമായത്. എന്തായാലും താങ്കളെ ഇനി ആരും രക്ഷിക്കാന്‍ പോകുന്നുമില്ല, ഈ കൂടിനി ആരും തുറക്കാനും പോകുന്നില്ല. എല്ലാവര്‍ക്കും കഴുതയുടെ പ്രവൃത്തിയില്‍ മതിപ്പുതോന്നി. മുന്‍വിധികളിലൂടെ മുദ്രകുത്തപ്പെടുന്നവരാണ് പിന്നീട് അത്ഭുതങ്ങള്‍ സമ്മാനിക്കുന്നത്. സിംഹം ഒരു രാജാവും ബുദ്ധിമാനുമാണെന്നും കഴുത ഒരു വിഢ്ഢിയാണെന്നും എഴുതപ്പെടാത്ത ഒരു പഴമൊഴിയുണ്ടല്ലോ.. വംശവും വര്‍ഗ്ഗവും അടിസ്ഥാമാക്കിയുള്ള ഒരു വിലയിരുത്തലും നിഷ്പക്ഷമല്ല. സങ്കുചിതമനോഭാവവും സ്ഥാപിതതാല്‍പര്യങ്ങളും ഊട്ടിയുറപ്പിക്കുക മാത്രമാണ് ലക്ഷ്യം. അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കുള്ള മറുപടി അവസരത്തിനൊത്ത് ഉയരുക എന്നത് മാത്രമാണ്. നമുക്ക് മുന്‍വിധികളെ നിര്‍ത്തലാക്കാന്‍ ശീലിക്കാം. - ശുഭദിനം.

0 comments:
Post a Comment