
വളരെ പ്രസിദ്ധനായ ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അയാള്‍. ഒരിക്കല്‍ സൈന്യത്തിലേക്ക് ആളെ എടുക്കുന്നു എന്ന വിളംബരം കേട്ട് ശിഷ്യനും കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പിറ്റേന്ന് ശിഷ്യന്‍ മടങ്ങി വന്നപ്പോള്‍ അവന്റെ മുഖം മങ്ങിയിരിക്കുന്നത് ഗുരു ശ്രദ്ധിച്ചു. ഗുരു ശിഷ്യനെ സമാധാനിപ്പിച്ചു. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: ഗുരോ , ആയുധപരീക്ഷയില്‍ ഞാന്‍ വിജയിച്ചു. എനിക്ക് സൈന്യത്തില്‍ ജോലിയും കിട്ടി. പിന്നെന്തിനാണ് നിന്റെ മുഖം വാടിയിരിക്കുന്നത്? ഗുരു ചോദിച്ചു. ശിഷ്യന്‍ പറഞ്ഞു: ആയുധപരിശീലനത്തിനുള്ള പരിശീലനത്തിനിടെ കഴിഞ്ഞ ആഴ്ച എന്റെ വാള്‍ത്തലപ്പ് ഒടിഞ്ഞില്ലേ, ആ ദുഃഖം ഇപ്പോഴും മനസ്സില്‍ നിന്നും പോകുന്നില്ല.. പട്ടണത്തില്‍ ഒരു പ്രദര്‍ശനം നടക്കുന്നുണ്ട്. നമുക്ക് അവിടേക്ക് പോകാം. മനസ്സിന് സന്തോഷം വരാന്‍ അത് നല്ലതാണ്. ഗുരു പറഞ്ഞു. അവര്‍ പ്രദര്‍ശനശാലയിലെത്തി. അവിടെ പലതരം ജീവികളുടെ അസ്ഥികൂടങ്ങളും പഴയ ആയുധങ്ങളും പാത്രങ്ങളുമൊക്കെയുണ്ട്. അകത്തേക്ക് കടന്നതും ഗുരു ഉറയില്‍ നിന്നും വാള് ഊരിപ്പിടിച്ചു. അത് കണ്ട് ശിഷ്യന്‍ ചോദിച്ചു: എന്തിനാണ് അങ്ങ് ആയുധമെടുത്തത്? ഗുരു പറഞ്ഞു: ആനയുടേയും കടുവയുടേയുമൊക്കെ അസ്ഥികൂടമല്ലേ.. നമ്മള്‍ സൂക്ഷിക്കണം. ശിഷ്യന്‍ ഇത് കേട്ട് ചിരിച്ചു. പണ്ടെങ്ങോ ചത്തുപോയ മൃഗങ്ങളുടെ അസ്ഥികൂടത്തെ ഭയക്കണമോ? അപ്പോള്‍ ഗുരു പറഞ്ഞു: മുന്‍പെപ്പോഴോ കഴിഞ്ഞ കാര്യത്തിന്റെ പേരില്‍ ഇപ്പോഴും ദുഃഖിക്കാമെങ്കില്‍ ഈ അസ്ഥികൂടങ്ങളേയും പേടിക്കണം. ശിഷ്യന് ഗുരു ഉദ്ദേശിച്ച കാര്യം മനസ്സിലായി. കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി അനാവശ്യമായി വേവലാതിപ്പെടുന്നത് വിഢ്ഢിത്തമാണ്. നമുക്ക് ഇന്നില്‍ ജീവിക്കാം. ഈ നിമിഷത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment