
തന്റെ മകള്‍ കുറച്ച് ദിവസങ്ങളായി ആകെ ദുഃഖിതയായിരിക്കുന്നത് കണ്ട അച്ഛന്‍ അവളോട് കാരണമാരാഞ്ഞു. ജോലിയിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നു. അച്ഛന്‍ അവളെ അടുക്കളയിലേക്ക് വിളിച്ചു. അവിടെ ഒരേ പോലത്തെ മൂന്ന് അടുപ്പുകളില്‍ ഒരേ അളവില്‍ ഒരേ പാത്രങ്ങളില്‍ വെള്ളം വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങും, ഒരു പാത്രത്തില്‍ മുട്ടയും ഒരു പാത്രത്തില്‍ കാപ്പിപൊടിയും ഇടാന്‍ ആവശ്യപ്പെട്ടു. മൂന്ന് പാത്രത്തിലെ വെള്ളവും തിളച്ചു. പാത്രത്തിലെ ഓരോന്നിനേയും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഉരുളക്കിഴങ്ങ് കൂടുതല്‍ സോഫ്റ്റായി മാറി. മുട്ട കൂടുതല്‍ കട്ടിയായി. കാപ്പിപ്പൊടിയാകെട്ടെ ആ വെള്ളത്തിന്റെ നിറത്തെയും മണത്തേയും തന്നെ മാറ്റി രുചികരമായ കാപ്പിയായി മാറി. അച്ഛന്‍ മകളോട് പറഞ്ഞു: ഈ മൂന്ന് വസ്തുക്കള്‍ക്കും ഒരേ അളവില്‍ വെള്ളവും ചൂടും നല്‍കി. എന്നിട്ടും അവ മൂന്ന് രീതിയിലാണ് മാറിയത്. പ്രശ്‌നങ്ങള്‍ ജീവിത്തില്‍ കടന്നുവരുമ്പോള്‍ നാം ഉരുളക്കിഴങ്ങ് പോലെ പൊടിഞ്ഞുപോകരുത്. മുട്ടയെപ്പോലെ കഠിനമാകണം, അതുപോലെ കാപ്പിയെപ്പോലെ ആ പ്രശ്‌നങ്ങളെ തന്നെ ആകെ മാറ്റി നമുക്ക് അനുകൂലമാക്കി മാറ്റണം. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ നാം അതിനെ എങ്ങിനെ നേരിടുന്നു എന്നതാണ് തുടര്‍ന്നുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. കാപ്പിയെ പോലെ പ്രശ്‌നങ്ങളെ നമുക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കിലും ഉരുളക്കിഴങ്ങ് പോലെ പൊടിഞ്ഞുപോകാതിരിക്കാന്‍ ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment