Part 35

1800 കളുടെ അവസാന കാലം.  കൈകൊണ്ട് നൂല്‍ നൂറ്റാണ് ജപ്പാനില്‍ തുണി നെയ്‌തെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് സമയമെടുത്താണ് ആളുകള്‍ നൂല്‍ നൂറ്റ് തുണി നെയ്‌തെടുത്തിരുന്നത്.  സാകിചി തന്റെ അമ്മയെ നോക്കിയിരിക്കുകയാണ്.  നൂലുകള്‍ ചേര്‍ത്ത് തുണി നെയ്‌തെടുക്കുന്ന ജോലിയിലാണ് അമ്മ.  വീട്ടുജോലികളെല്ലാം കഴിഞ്ഞാല്‍ സാകിചിയുടെ അമ്മ എപ്പോഴും ഈ ജോലിയിലായിരിക്കും.  ഇതു കാണുമ്പോഴെല്ലാം ഈ ജോലി എങ്ങനെ കുറെക്കൂടി എളുപ്പത്തില്‍ ചെയ്യാം എന്ന് സാകിചി ആലോചിക്കും.  ഒരിക്കല്‍ അവന്‍ ടോകിയോ നഗരം കാണാന്‍ പോയി.  വലിയ ഫാക്ടറികളും യന്ത്രങ്ങളും കണ്ടുവന്ന സാകിചി നൂല്‍ നൂല്‍ക്കാന്‍ ഒരു യന്ത്രം കണ്ടുപിടിച്ചു.  പക്ഷേ ഇതിന് ഒരുപാട് പിഴവുകള്‍ ഉണ്ടായിരുന്നു.  സാകിചി യന്ത്രം വീണ്ടും വീണ്ടും മെച്ചപ്പെടുത്തി.  കാലങ്ങള്‍ കടന്നുപോയി. അദ്ദേഹം വിവാഹിതനായി. മക്കള്‍ ഉണ്ടായി.  അപ്പോഴും അദ്ദേഹം തന്റെ യന്ത്രം കുറ്റമറ്റതാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.  മക്കള്‍ വളര്‍ന്നു.  അവരും അച്ഛനോടൊപ്പം കൂടി.  അങ്ങനെ നീണ്ട വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 1924 ല്‍ അവരുടെ സ്വപ്‌നം സഫലമായി.  ഒരു ഓട്ടോമാറ്റിക് തറി അവര്‍ നിര്‍മ്മിച്ചു.  ടൊയോട്ട ഓട്ടോമാറ്റിക് തറി എന്ന കമ്പനി രൂപം കൊണ്ടു.  ജപ്പാനിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇത് വിപ്ലവം സൃഷ്ടിച്ചു.  കാലം കടന്നുപോയി.  ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നിന്ന് വാഹന മേഖലയിലേക്ക് സാചികിയും മക്കളും കടന്നു.  കുറ്റമറ്റ ഒരു വാഹനം നിര്‍മ്മിക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.  ഒരു സ്ഥലം പോലും വേസ്റ്റ് ചെയ്യാതെ, ചെലവു ചുരുക്കുന്നിടത്തെല്ലാം ചെലവ് ചുരുക്കി, ഒരു ആണിപോലും വേസ്റ്റാക്കാതെ അവര്‍ പുതിയ കാര്‍ നിര്‍മ്മിച്ചു. അങ്ങനെ 1933ല്‍ സാകിചി ടൊയോഡയുടെ മരണശേഷം മകൻ കിച്ചിറോ ടൊയോഡയുടെ നേതൃത്വത്തിൽ 'ടൊയോട്ടോ' എന്ന മോട്ടോര്‍ നിര്‍മ്മാണകമ്പിനി നിലവില്‍ വന്നു.  ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന ടൊയോട്ടയുടെ വാഹനങ്ങള്‍ വാഹനപ്രമികളുടെ അഭിമാനമായി മാറി. തങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം 'ഫൈവ് വൈ തിയറി ' യാണെന്ന് സാചികി പറയുമായിരുന്നു.  'വൈ' (എന്തുകൊണ്ട് ?)  എന്ന ചോദ്യവുമായി അഞ്ചു തവണ ഏതു പ്രശ്‌നത്തെ സമീപിച്ചാലും അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാം എന്നാണ് ഈ തിയറി പറയുന്നത്. തിയറികള്‍ എന്തുമാകട്ടെ, പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, തോറ്റുകൊടുക്കാതിരിക്കാനുള്ള മനസ്സ് കൈമോശം വരാത്തിടത്തോളം കാലം, നാം അവയെ അഭിമുഖീകരിക്കുക തന്നെ ചെയ്യും.   - ശുഭദിനം

0 comments:

Post a Comment