Part 36

I have a dream, എനിക്കൊരു സ്വപ്‌നമുണ്ട്... പലതവണ വായിച്ചും പഠിച്ചും പരിചിതമായ ഒരു വാചകമാണിത്.  മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് എന്ന ഭരണാധികാരിയുടെ ഏറ്റവും പ്രസിദ്ധമായ വാചകം.  ഇത്തരത്തിലുള്ള നിരവധി പ്രസംഗങ്ങള്‍ ഭരണകര്‍ത്താക്കളില്‍ നിന്നും നമ്മള്‍ കേട്ടിരിക്കാം... അധികാരത്തിന്റെ പടവുകളിലേക്ക് കയറുമ്പോള്‍ പാലും തേനുമൊഴുക്കാം എന്ന മോഹനവാഗ്ദാനങ്ങള്‍.  അത്തരം വാക്കുകളുടെ ആഴവും അര്‍ത്ഥവും തിരിച്ചറിഞ്ഞ് കൊള്ളുകയും തള്ളുകയും ചെയ്യുക സാധാരണമാണ്.  ഭരണനേതൃത്വത്തിലിരിക്കുന്ന ഒരാളുടെ വാക്കുകള്‍ ആ സമൂഹത്തിന്റെ ആകെ കേള്‍വിയാണ്.  അതുകൊണ്ട് തന്നെ അത് സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.  ജിഗ് മേ ഖേസര്‍ നംഗ്യാല്‍ വാങ്ചുക് - ഇങ്ങനെയൊരു പേര് നമുക്ക് പരിചയമില്ല.   ഇത് ഒരു രാജാവിന്റെ പേരാണ്.  ഇന്ത്യയുടെ തൊട്ട് അയല്‍രാജ്യമായ ഭൂട്ടാന്‍ ഭരണാധികാരിയുടെ പേര്.  ഒരു പക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് ഇദ്ദേഹമായിരിക്കും.  1980 ലാണ് ജിഗ് മേ ജനിക്കുന്നത്. 2006 ല്‍ അധികാരത്തിലെത്തുകയും ചെയ്തു.  അധികാരം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം രാജ്യത്തോട് ഇങ്ങനെ സംസാരിച്ചു: ' ഞാനൊരിക്കലും ഒരു രാജാവിനെപോലെ ഭരിക്കുകയില്ല, രക്ഷിതാവിനെപോലെ സംരക്ഷിക്കും, സഹോദരനെപോലെ ശ്രദ്ധിക്കും, മകനെപോലെ സേവിക്കും...'   ഏതൊരു ഭരണകര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കാവുന്ന വാക്കുകള്‍ തന്നെയായിരുന്നു ജിഗ് മേയുടെ ആദ്യ പ്രസംഗത്തിലും ഉണ്ടായിരുന്നത്.  എന്നാല്‍ ഭൂട്ടാന്‍ ജനതയെ ഒന്നാകെ അമ്പരിപ്പിച്ചുകൊണ്ട്, ലോക പ്രസംഗങ്ങളുടെ ചരിത്രത്തില്‍ ഇടം പിടിച്ചുകൊണ്ട്, അദ്ദേഹം ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു.  എല്ലാ ഭരണകര്‍ത്താക്കളില്‍ നിന്നും നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരുവാചകം.  അത് ഇതായിരുന്നു. ' നിങ്ങളുടെ കുഞ്ഞിന് മാതൃകയാവുന്ന ഒരു നല്ലമനുഷ്യനായി ഞാന്‍ ജീവിക്കും...' .  ലോകം എടുത്ത് സൂക്ഷിക്കുന്ന ഒരു വാചകമായി ഇത് പിന്നീട് മാറി.  സ്ഥാനമാനങ്ങള്‍ ഏതുമാകട്ടെ, അവസരങ്ങളും ഏതുമാകട്ടെ, സാധ്യതകള്‍ എന്തുമാകട്ടെ, അടിസ്ഥാനപരമായി നാം നാമാവുക.,  നല്ലൊരു മനുഷ്യനായിരിക്കുക - ശുഭദിനം 

0 comments:

Post a Comment