Part - 83

ടോസ് ചെയ്ത നാണയം താഴേക്ക് വരുന്നതും നോക്കി അവര്‍ നിന്നു.  ഇത് ബില്‍ ഹ്യൂലററും ഡേവിഡ് പക്കാഡും.  അവരുടെ ജീവിതത്തിലെ ഒരു നിര്‍ണ്ണായകമായ തീരുമാനവുമായാണ് ആ നാണയം എത്തുക.  ഇരുവരും പഠിക്കാന്‍ മിടുക്കരായിരുന്നു.  ഇലക്ടിക്കല്‍ എഞ്ചിനീയറിങ്ങ് അവര്‍ നല്ല മാര്‍ക്കോടെ വിജയിച്ചു .  കൂട്ടുകൂടി നടന്ന കുട്ടിക്കാലം മുതലേ അവര്‍ കണ്ട സ്വപ്‌നമാണ് ഒരു കമ്പനി എന്നത്.  ആഗ്രഹം അവരോടൊപ്പം വളര്‍ന്നു.  കമ്പനിക്കായി പണം ആവശ്യമാണ്.  അവര്‍ കിട്ടാവുന്ന ജോലികള്‍ ചെയ്തു ഓരോ നാണയത്തുട്ടും ശേഖരിച്ചു.  അങ്ങനെ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. കമ്പനി രൂപീകൃതമായി. കമ്പനിക്ക് ഒരു പേര് വേണം,  രണ്ടുപേരുടേയും പേരിന്റെ ഒരു ഭാഗമെടുത്ത് ഇടാം എന്നവര്‍ തീരുമാനിച്ചു.  പക്ഷേ ആരുടെ പേര് ആദ്യം ഇടും.  അതിനുളള ഉത്തരവുമായാണ് ആ നാണയം എത്തുന്നത്.  ബില്‍ ഹ്യൂലറ്റിലെ ഹ്യൂലറ്റും, ഡേവിഡ് പക്കാഡിലെ പക്കാഡും ചേര്‍ത്ത് ' ഹ്യൂലറ്റ് പക്കാഡ് ' എന്ന കമ്പനി 1939 ല്‍ ജനിച്ചു.  ഇലക്ട്രോണിക് ഉപകരണങ്ങളായിരുന്നു ആദ്യം അവര്‍ നിര്‍മ്മിച്ചത്.  അവരുടെ ഉപകരണങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ മിലിറ്ററി ഉപയോഗിച്ചു.  അങ്ങനെ ഹ്യൂലറ്റ് പക്കാഡ് വികസിച്ചു.  പതുക്കെ പതുക്കെ പല കമ്പനികളേയും ഹ്യൂലറ്റ് പക്കാഡ് ഏറ്റെടുത്തു.  പോക്കറ്റ് കാല്‍ക്കുലേറ്റര്‍ ആദ്യമായി പുറത്തിറക്കിയത് ഹ്യൂലറ്റ് പക്കാഡ് ആണ്.  കംപ്യൂട്ടറുകള്‍ വ്യാപകമായതോടെ ഹ്യൂലറ്റ് പക്കാഡ് കംപ്യൂട്ടര്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.  ഇന്ന് ലോകത്തിന്റെ ഏതൊരു കോണിലും ഈ പേര് പ്രസിദ്ധമാണ്.  പക്ഷേ, നമ്മള്‍ ആ പേരിനെ ഇങ്ങനെയാണ് വായിക്കുക HP !!  നിങ്ങള്‍ തയ്യാറായാല്‍ ലോകം മുഴുവന്‍ അതിനായുള്ള സാഹചര്യമൊരുക്കുമെന്ന ആല്‍ക്കമിസ്റ്റ് തത്വം പോലെ, നമുക്കും തയ്യാറാകാം. സ്വപ്‌നസാഫല്യത്തിന്റെ പുതിയ വഴികള്‍ തുറക്കുന്ന പുലരികള്‍ക്കായി - ശുഭദിനം

0 comments:

Post a Comment