Part - 82

അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യൂറി ഗഗാറിന്‍.  തികഞ്ഞ മനോനിയന്ത്രണം, വലിയ അഭിമാനബോധം, ആഗ്രഹപൂര്‍ത്തിക്കായി സാഹസികതയുടെ ഏതറ്റം വരെയും പോകാനുള്ള തന്റേടം.  ഇവയൊക്കെ ഗഗാറിനുണ്ടായിരുന്നു.  ഔദ്യോഗിക കാര്യങ്ങള്‍ക്കുപുറമേ ചില സ്വകാര്യതകളും അദ്ദേഹം തന്റെ ഭാര്യ  വാലിയ ഗോറിയച്ചേവയോട് പോലും പറഞ്ഞിരുന്നില്ല.  വിവാഹത്തിലൊഴികെ സുപ്രധാനമായ മറ്റു പലതിലും ഭാര്യയുടെ അഭിപ്രായം തേടിയതുമില്ല.  സ്വയം തീരുമാനമെടുത്ത് നടപ്പിലാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം.  വാലിയയോട് ആലോചിക്കാതെയാണ് അദ്ദേഹം ആര്‍ട്ടിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്.  ബഹിരാകാശയാത്രികനാകാനുള്ള മോഹത്തില്‍ സെലക്ഷന്‍ കമ്മീഷന് അപേക്ഷ അയച്ചതും രഹസ്യമായിട്ടായിരുന്നു.  ചിലപ്പോള്‍ നടക്കാതെ പോയാലോ എന്നൊരാശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു.  തീവ്രപരിശീലനങ്ങളുടെ അവസാനത്തില്‍ താന്‍ ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങുകയാണെന്ന് വാലിയയോട് പറഞ്ഞത് പോലും തമാശരൂപേണയായിരുന്നു.  പക്ഷേ അതിനുമുമ്പേ വാലിയ തന്റെ ഭര്‍ത്താവിന്റെ നിയോഗത്തെ പറ്റി മനസ്സിലാക്കിയിരുന്നു.  ഇക്കാര്യമറിഞ്ഞ് അവര്‍ ആശങ്കപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ മാര്‍ഗ്ഗത്തിന് തടസ്സമായില്ല.  ആ വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍ സ്‌നേഹപൂര്‍വ്വം യാത്ര അയക്കുകയാണുണ്ടായത്.  ഗഗാറിന്റെ അച്ഛനാകട്ടെ, മകന്റെ നേട്ടം അറിഞ്ഞത് ശൂന്യാകാശയാത്രയ്ക്ക് ശേഷമായിരുന്നു.   നേടാന്‍ ഉറപ്പില്ലാത്തത് മറ്റുള്ളവരോട് പറയുന്നതിനേക്കാള്‍ നല്ലത്, നേടിയത് പറയുന്നതാണ്.  കാരണം ആ നേട്ടങ്ങള്‍ക്കേ മഹത്വമുള്ളൂ.  - ശുഭദിനം 

0 comments:

Post a Comment