Day 101

ഗുരുവിന്റെ പ്രസംഗം യുവാവിനു വളരെ ഇഷ്ടപ്പെട്ടു.  തിരിച്ചുപോകുമ്പോള്‍ ഗുരുവിനെ വീട്ടിലേക്ക് ക്ഷണിക്കാനും അവന്‍ മറന്നില്ല.  സന്ധ്യ കഴിഞ്ഞാണു ഗുരുവെത്തിയത്.  വന്നയുടന്‍ ഗുരു ചോദിച്ചു: നിങ്ങള്‍ ഈശ്വരവിശ്വാസിയാണോ? നിങ്ങള്‍ക്ക് എങ്ങിനെയാണ് ദൈവാനുഗ്രഹം ലഭിക്കുന്നത്?  യുവാവ് അമ്പരന്നു.  ഗുരു കൂട്ടിച്ചേര്‍ത്തു:  നിങ്ങളുടെ അയല്‍വാസിക്ക് ഇന്ന് അത്താഴമില്ല.  യുവാവ് പറഞ്ഞു: ഞാനത് അറിഞ്ഞില്ല.  തയ്യാറാക്കിവെച്ചിരിക്കുന്ന ഭക്ഷണവുമെടുത്ത് ഗുരു അയാളെയും കൂട്ടി അയല്‍ക്കാരന്റെ വീട്ടിലെത്തി.  ഒരുമിച്ച് അത്താഴം കഴിച്ചിറങ്ങുന്നമ്പോള്‍ ഗുരു പറഞ്ഞു: അയല്‍വാസിയെ മനസ്സിലാകാത്തവന് ഈശ്വരേനേയും മനസ്സിലാകില്ല.  വിശ്വാസിയാണെന്ന് തെളിയിക്കാനും ആത്മീയ മനുഷ്യനാണെന്ന പൊതുഅഭിപ്രായം നേടാനും നടത്തുന്ന പ്രഹസനങ്ങളില്‍ ഈശ്വരന്‍ പ്രസാദിക്കില്ല.  സഹജീവികളില്‍ ഈശ്വരനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ്  ഈശ്വരാന്വേഷണം പലര്‍ക്കും സാഹസ പ്രവൃത്തിയാകുന്നത്.  അവനവന് ആവശ്യമുള്ളതെല്ലാം സമ്പാദിച്ചു കൂട്ടുന്നതിനിടയ്ക്ക് അടുത്തുള്ളവരുടെ അവസ്ഥകളിലേക്ക് ഒരു ആകാശ വീക്ഷണമെങ്കിലും നടത്തണം.  ആരുമറിയാതെ വിങ്ങിപ്പൊട്ടുന്നവരും കതകടച്ച് ആത്മാഭിമാനം മുറുകെ പിടിക്കുന്നവരുമെല്ലാം അവിടെയുണ്ടാകും.  ആവശ്യമുള്ളവരുടെ മുന്നില്‍ ഈശ്വരനായി പ്രത്യക്ഷപ്പെടുന്നവരെയാണ് ഈശ്വരന് ആവശ്യം.  ആരെങ്കിലും കൈപിടിക്കാനുണ്ടെങ്കില്‍ ആര്‍ക്കും ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തേണ്ടിവരില്ല.  'അത്താഴപഷ്ണിക്കാരുണ്ടോ' എന്ന ചോദ്യം വയറു നിറയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, മനസ്സ് നിറയ്ക്കാന്‍ വേണ്ടിയായിരുന്നു.  തനിച്ചായിപോയി എന്ന തോന്നലുണ്ടാക്കാതെ നമുക്ക് മറ്റുളളവരെയും ചേര്‍ത്ത് പിടിക്കാം - ശുഭദിനം    

0 comments:

Post a Comment