Day 108

കണ്ണൂരുകാരനായ ജോബിന്‍ ജോസഫും കോഴിക്കോട്ടുകാരിയായ ജിസ്മിയും ജോലിയുടെ ഭാഗമായിട്ടാണ് കൊച്ചിയില്‍ എത്തിപ്പെട്ടത്. എന്നാല്‍ ചാലക്കുടിക്കടുത്തുള്ള കൊട്ടാറ്റ് എന്ന ഗ്രാമമാണ് അവര്‍ വീടുപണിയാനായി തിരഞ്ഞടുത്തത്. സ്വന്തമായി ഒരു ബിസിനസ്സ് എന്ന ആശയത്തിന്റെ പുറത്ത് മാധ്യമപ്രവര്‍ത്തനം വിട്ട് ജോബിനും ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജിസ്മിയും വീടിന്റെ മുകള്‍ നിലയില്‍ ഒരു ബിസിനസ്സ് ആരംഭിച്ചു. അപ്പോള്‍ ഇവരുടെ ആകെ മുടക്കുമുതല്‍ എന്ന് പറയാവുന്നത് രണ്ട് ലാപ്‌ടോപ്പും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമായിരുന്നു. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, ബിസിനസ്സ് അനലിസ്റ്റ്, ടെക്‌നിക്കല്‍ റൈറ്റിങ്ങ് എന്നിങ്ങനെ വിവിധ സേവനങ്ങള്‍. പതിയെ പതിയെ ഇടപാടുകാര്‍ കൂടി. മറ്റൊരാളെ കൂടി നിയമിച്ചു. ചെറിയൊരു വാടകവീടെടുത്ത് ഓഫീസ് അവിടേക്ക് മാറി. കമ്പനിയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സേവനം തേടിയ ഒരു ആസ്‌ട്രേലിയക്കാരന്‍ നെറ്റ് സ്യൂട്ട് സേവനം കൂടി ലഭ്യമാക്കാമോ എന്ന അന്വേഷണമാണ് ഇവരുടെ യാത്രയില്‍ വഴിത്തിരിവായത്. അങ്ങനെ ക്ലൗഡ് അധിഷ്ഠിത ഇആര്‍പി സോഫ്ട് വെയര്‍ സേവനം നല്‍കാന്‍ ഇരുവരും തീരുമാനിച്ചു. 2017 ഓടെ പൂര്‍ണ്ണമായും കമ്പിനി നെറ്റ്‌സ്യൂട്ട് സേവനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. ഇന്ന് 27രാജ്യങ്ങളിലായി 200ഓളം കമ്പനികള്‍ ജോബിന്‍ ആന്റ് ജിസ്മിയുടെ സേവനം തേടുന്നു. ടീമില്‍ ഇപ്പോള്‍ ഏകദേശം 150 പേരുണ്ട്. ലോകത്തിലെ മുന്‍നിര റിവ്യൂപോര്‍ട്ടലായ ക്ലച്ചില്‍ നെറ്റ്‌സ്യൂട്ട് സേവനദാതാക്കളെ തിരഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ പ്രമുഖ കമ്പനിയായി നമുക്ക് ഈ പേര് വായിക്കാം. ജോബിന്‍ ആന്റ് ജിസ്മി ഐ ടി സര്‍വീസസ്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള കോട്ടാറ്റ് എന്ന ഗ്രാമത്തിലെ പാടവരമ്പില്‍ നിന്നും മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വളര്‍ന്ന ഒരു ബഹുരാഷ്ട്ര ഐ ടി കമ്പിനി! അതെ, നാം എവിടെയായിരിക്കുന്നു എന്നതിലല്ല, എന്തായിരിക്കുന്നു എന്നതിലാണ് കാര്യം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ വിജയപതാക പാറിപ്പിക്കാന്‍ ഏതിടവും നമുക്ക് സജ്ജമാക്കാം .

0 comments:

Post a Comment