
ആ സംഗീതഞ്ജന്റെ നാട്ടില്‍ ചേരി തിരിഞ്ഞു കലാപവും ലഹളയും നടക്കുകയാണ്. ഒരു സംഗീതനിശ സംഘടിപ്പിച്ചു സംഘര്‍ഷങ്ങള്‍ക്ക് അല്പം അയവു വരുത്താം എന്നദ്ദേഹം തീരുമാനിച്ചു. പക്ഷേ പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് അവര്‍ ആക്രമിക്കപ്പെട്ടു. എങ്കിലും പരിക്കുകള്‍ അവഗണിച്ചു അദ്ദേഹം സംഗീതപരിപാടി നടത്തി. തന്നെ അത്ഭുതത്തോടെ നോക്കുന്ന ആളുകളെ നോക്കി അദ്ദേഹം പറഞ്ഞു : ലോകത്തെ വികൃതമാക്കാനും നശിപ്പിക്കാനുമൊരുമ്പിട്ടിറങ്ങുന്നവര്‍ ഒരു ദിവസം പോലും വിശ്രമിക്കുന്നില്ല. പിന്നെ എങ്ങനെ എനിക്കു വിശ്രമിക്കാനാകും. ചെയ്തു പോയ തെറ്റിനെക്കാള്‍ നാശകാരണം ചെയ്യാതെ പോകുന്ന നന്മയാണ്. അധര്‍മ്മം ചെയ്യുന്നവര്‍ക്ക് അടിസ്ഥാനപരമായ ദുരുദ്ദേശം ഉണ്ട്. അതിനേക്കാള്‍ അശുഭകരവും അപകടകരവുമാണ് ധര്‍മ്മം പ്രവര്‍ത്തിക്കുന്നവരില്‍ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശങ്ങള്‍. ഒരു നന്മ പരസ്യമായി ചെയ്യുന്നത് രഹസ്യമായി ചെയ്യുന്ന പല തിന്മകള്‍ക്കും മറ സൃഷ്ടിക്കാനാണെങ്കില്‍ ആ നന്മയുടെ ഉദ്ഭവം തന്നെ തെറ്റാണ്. മുന്‍ഗണന ക്രമത്തിന്റെ അവസാനത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ടു നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടി വരുന്ന സല്‍പ്രവര്‍ത്തികള്‍ക്കു സ്ഥായിയായ സ്വഭാവമില്ല. ചെയ്യാതിരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചെയ്യുന്നതല്ല നന്മ. ചെയ്തില്ലെങ്കിലും കുഴപ്പമില്ലാത്തപ്പോഴും ചെയ്തയാള്‍ ശ്രദ്ധിക്കപ്പെടാതെ വരുമ്പോഴും നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യുന്ന കര്‍മങ്ങള്‍ ആണ് നന്മ. നമുക്കും നന്മകള്‍ ചെയ്യാം. നേട്ടങ്ങള്‍ നോക്കാതെ.

0 comments:
Post a Comment