
ഒരിക്കല്‍ മനഃശാസ്ത്രജ്ഞന്‍ ഒരു ക്ലാസ്സ് നടത്തുകയായിരുന്നു. അദ്ദേഹം വെളുത്ത ഒരു വലിയ തുണി വലിച്ചുകെട്ടി. അതിന്റെ മധ്യഭാഗത്ത് കടുകുമണിയുടെ ആകൃതിയില്‍ മഷികൊണ്ട് കറുത്ത അടയാളമിട്ടു. ക്ലാസ്സിലിരിക്കുന്നവരോട് നിങ്ങള്‍ എന്ത് കാണുന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടു. വിരിച്ചുകെട്ടിയ വലിയ വെള്ളത്തുണി കാണുന്നു എന്ന് ചുരുക്കം ചിലര്‍ പറഞ്ഞു. ചിലര്‍ പറഞ്ഞു, തങ്ങള്‍ കറുത്ത മഷിയടയാളം കാണുന്നു എന്ന്. ഇത്ര വലിയ വെള്ളത്തുണി കാണാന്‍ അവര്‍ക്കുകണ്ണുണ്ടായില്ല. പക്ഷേ, അവര്‍ കണ്ടത് ഒരു ചെറിയ കറുത്തപൊട്ട് മാത്രം. നമ്മളില്‍ ചിലരുടെ കാഴ്ചകളും പലപ്പോഴും ഇങ്ങനെയാണ്. മറ്റുള്ളവരിലെ നിറഞ്ഞുനില്‍ക്കുന്ന നന്മ നാം കാണില്ല. അവര്‍ എപ്പോഴെങ്കിലും ചെയ്തുപോകുന്ന തിന്മയിലാണ് നമ്മുടെ കണ്ണ്. മറ്റുള്ളവരിലെ നന്മ കാണാന്‍ കഴിയാത്തത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അഭാവം മൂലമാണ്. നിസ്വാര്‍ത്ഥമായ സ്‌നേഹം ഒരു വരദാനമാണ്. സ്‌നേഹം ഒരിക്കലും അസൂയപ്പെടുന്നില്ല. അസഹിഷ്ണുത കാണിക്കുന്നില്ല. ആത്മപ്രശംസ ചെയ്യുന്നുമില്ല. നമ്മുടെ കണ്ണുകള്‍ നന്മ ദര്‍ശിക്കണമെങ്കില്‍ നമ്മുടെ ഹൃദയവ്യാപാരം അതുപോലെ തന്നെ ആശാസ്യവും ശ്രേഷ്ഠവുമായിരിക്കണം. നമ്മുടെ ഹൃദയം വിശാലമാകട്ടെ, നമ്മുടെ കണ്ണുകളിലൂടെ മറ്റുള്ളവരുടെ നന്മകൂടി കാണുവാന്‍ നമുക്ക് സാധിക്കട്ടെ.

0 comments:
Post a Comment