Day 132

മുത്തച്ഛന്റെ കൂടെ നടക്കാന്‍ ഇറങ്ങിയതാണ് ആ കുഞ്ഞ്. പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അവന് നിറയെ സംശയങ്ങളാണ്. സൂര്യപ്രകാശത്തിനെന്താണ് മഞ്ഞ നിറം ആകാശം എന്തുകൊണ്ടാണ് നീലയായി കാണുന്നത്? പുല്ലിന് പച്ച നിറം എങ്ങനെയാണ് കിട്ടുന്നത്? അവന്റെ ചോദ്യങ്ങള്‍ക്കെല്ലാം മുത്തച്ഛന്റെ മറുപടി അറിയില്ല എന്നായിരുന്നു. കുറെ ചോദ്യങ്ങള്‍ വീണ്ടും വന്നപ്പോള്‍ മുത്തച്ഛന് ദേഷ്യം വന്നു ഇങ്ങനെ ചോദ്യം ചോദിച്ച് കുഴപ്പിക്കാനാണെങ്കില്‍ നിന്നെ ഞാന്‍ ഇനി നടക്കാന്‍ കൊണ്ടുവരില്ല എന്ന് അയാള്‍ പറഞ്ഞു. പിന്നെ അവന്‍ മുത്തച്ഛനോട് ചോദ്യങ്ങള്‍ ഒന്നുംതന്നെ ചോദിച്ചില്ല. ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ഏറ്റവും വലിയ വ്യക്തിഹത്യ. ഉറങ്ങുന്നവനെ ഉണര്‍ത്തുന്നതിനേക്കാള്‍ നൂറിരട്ടി സമയവും പ്രയ്തനവും വേണം ആത്മധൈര്യം നഷ്ടപ്പെട്ടവനെ ഉയര്‍ത്തെണീപ്പിക്കാന്‍. ഒരാളെ തളര്‍ത്താന്‍ അതിവിദഗ്ദപരിശീലനത്തിന്റെ ആവശ്യമില്ല. പക്ഷേ, വളര്‍ത്താന്‍ വിവേകവും പക്വതയാര്‍ന്ന സമീപനവും വേണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്. ഉത്തരമറിയാമെങ്കിലും ഇല്ലെങ്കിലും. നമ്മുടെ നോട്ടവും നിശബ്ദതയും ദേഷ്യവും എല്ലാം മറുപടികളാണ്. ചോദ്യങ്ങള്‍ വിഢ്ഢിത്തമാണോ എന്നതല്ല, മറുപടികള്‍ ബുദ്ധിപൂര്‍വ്വമാണോ എന്നതാണ് പ്രധാനം. ചോദ്യം ചോദിക്കുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു കണ്ടുപിടുത്തം പോലും ഉണ്ടാകുമായിരുന്നില്ല. അറിയാത്ത ചോദ്യങ്ങളോടുള്ള സമീപനങ്ങളാണ് ആ ചോദ്യത്തിനുള്ള യഥാര്‍ത്ഥമറുപടി. ചോദ്യങ്ങള്‍ ഉയരട്ടെ, ആ ചോദ്യങ്ങളോട് ശരിയായ രീതിയില്‍ പ്രതികരിക്കാനുളള മാനസികാവസ്ഥ നമുക്കും നേടാനാകട്ടെ - ശുഭദിനം.

0 comments:

Post a Comment