
അവന് സ്‌കൂളില്‍ നിന്നും ഒരു വൃക്ഷത്തൈ കിട്ടി. ഞാവല്‍ ആണെന്ന് പറഞ്ഞാണ് ആ തൈ അവന് കൊടുത്തത്. അവനത് വീട്ടില്‍ കൊണ്ടുവെച്ചു. തൈ അല്‍പം വളര്‍ന്നപ്പോള്‍ അമ്മ പറഞ്ഞു. ഇത് ഞാവല്‍ അല്ല, ഇലകണ്ടിട്ട് റംബൂട്ടാന്‍ ആണെന്ന് തോന്നുന്നു. ചേച്ചി പറഞ്ഞു അത് സബിര്‍ജെല്ലിയാണെന്ന്. അച്ഛന്‍ അതിന്റെ ഇലയല്പം കടിച്ചുനോക്കി. ഭയങ്കര ചവര്‍പ്പായിരുന്നു. ഇതൊരു പാഴ്മരമാണെന്ന് അച്ഛന്‍ വിലയിരുത്തി. ഒപ്പം വെട്ടിക്കളയാനും പറഞ്ഞു. ഇതുകേട്ട് മുത്തശ്ശന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. വെട്ടിക്കളയണ്ട, അതവിടെ നില്‍ക്കട്ടെ. കാലം കടന്നുപോയി, മരത്തിന് അല്പം വലുപ്പം വെച്ചതോടെ അതില്‍ കിളികള്‍ ചേക്കാറാന്‍ തുടങ്ങി. വെയിലുള്ളപ്പോള്‍ അവന്‍ അതിന്റെ ചുവട്ടില്‍ പോയിരുന്ന് വിശ്രമിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. മരം കായ്ചു. അതില്‍ കായകള്‍ നിറഞ്ഞു. കായകള്‍ പഴുത്തപ്പോള്‍ രുചികരമായ ഒരു പഴം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അത് ഓടപ്പഴമാണെന്ന് മനസ്സിലായി. ഈ മരത്തിന്റെ വളര്‍ച്ച കണ്ടുകൊണ്ടിരുന്ന ഒരു കിളി മരത്തോട് ചോദിച്ചു. അവരെല്ലാം ഓരോന്ന് പറയുന്നത് കേട്ടിട്ടും, വെട്ടിക്കളയാന്‍ തീരുമാനിച്ചപ്പോഴുമെല്ലാം നീ വീണുപോകാഞ്ഞത് എന്തുകൊണ്ടാണ്? മരം കിളിയോട് പറഞ്ഞു: അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഞാന്‍ ആരാണെന്ന് എനിക്കറിയാമായിരുന്നു. ഈ മരം കിളിയോട് പറഞ്ഞത് നമുക്കും സ്വീകരിക്കാം.. നമ്മെക്കുറിച്ച് ആരും എന്ത് വേണമെങ്കിലും പറയട്ടെ, ഏത് വിമര്‍ശനങ്ങളും കടന്നുവരട്ടെ, നാം ആരെന്ന് നമുക്ക് അറിയുന്നിടത്തോളം നിശബ്ദനായി തന്റെ കര്‍ത്തവ്യങ്ങള്‍ തുടരുക. ഒരിക്കല്‍ അവര്‍ നമ്മെ തിരിച്ചറിയുക തന്നെ ചെയ്യും - ശുഭദിനം.

0 comments:
Post a Comment