Day 135

അയല്‍നാടുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി അയല്‍ രാജ്യത്തെ രാജാവ് അമൂല്യമായ ഒരു രത്‌നം സമ്മാനിച്ചു. രത്‌നം ലഭിച്ച രാജ്യത്തെ രാജ്ഞി പകരമായി അഞ്ചു ജീവിതപ്രമാണങ്ങളടങ്ങിയ ഫലകം നല്‍കി. കൂടെ ഒരു കുറിപ്പും. ഇത് അങ്ങയുടെ രാജ്യത്തെ എല്ലാ വീടുകളുടെ മുന്നിലും തൂക്കിയിടണം. അമൂല്യ രത്‌നത്തിന് പകരം വെറും ഫലകം കൊടുത്തയച്ച രാജ്ഞിയോട് രാജാവിന് ദേഷ്യം തോന്നി. ഇതറിഞ്ഞ രാജ്ഞി ഒരു കുറിപ്പ് കൂടി രാജാവിന് കൊടുത്തയച്ചു. ' അങ്ങ് അയച്ചുതന്ന രത്‌നം സൂക്ഷിക്കാന്‍ ഞാന്‍ രാവും പകലും കാവലിരിക്കണം. എന്നാല്‍ ഞാന്‍ തന്ന പ്രമാണങ്ങള്‍ അങ്ങയെയും അങ്ങയുടെ ജനങ്ങളേയും സംരക്ഷിക്കും.' നമ്മള്‍ സംരക്ഷിക്കുന്നവയല്ല, നമ്മളെ സംരക്ഷിക്കുന്നവയാണ് യഥാര്‍ത്ഥ സമ്പാദ്യം. അമൂല്യമെന്ന് കരുതപ്പെടുന്ന സ്വത്തു സംരക്ഷിക്കാന്‍ ചിലവഴിക്കുന്ന പണവും സമയവും, സ്വന്തം സ്വപ്നങ്ങളും പെരുമാറ്റസംഹിതകളും സംരക്ഷിക്കാന്‍ ചെലവഴിച്ചിരുന്നെങ്കില്‍ അടുത്ത തലമുറയ്ക്ക് വേണ്ടി അവശേഷിപ്പിക്കുന്ന സമ്പാദ്യങ്ങളുടെ കൂടെ സന്മാര്‍ഗ്ഗങ്ങളും ഗുണപാഠങ്ങളും ഉള്‍പ്പെടുമായിരുന്നു. വിലയുള്ളവ വാങ്ങിക്കൂട്ടിയ തുകയും അവ നഷ്ടപ്പെടാതിരിക്കാന്‍ വിനിയോഗിക്കുന്ന തുകയും ചേര്‍ത്ത് വായിച്ചാല്‍ നഷ്ടങ്ങളുടെ ആകെത്തുക മനസ്സിലാകും. നമുക്ക് മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒരു തലമുറയുടെ ഭാഗമാകാന്‍ പരിശ്രമിക്കാം - ശുഭദിനം.

0 comments:

Post a Comment