Day 137

ഇത് സരിത. മുബൈ ഘാട്‌കോപറിലെ ചേരിയില്‍ റാമിന്റെയും സരോജിന്റെയും രണ്ടാമത്തെ മകള്‍. ചേച്ചിയും രണ്ടനിയന്‍മാരും ഉള്ള കുടുബത്തിന്റെ ആകെ സമ്പാദ്യം ദാരിദ്ര്യം മാത്രമായിരുന്നു. മാലി സമുദായത്തില്‍ പെട്ടവര്‍ പൂക്കള്‍ വില്‍ക്കേണ്ടവരാണെന്ന അലിഘിത നിയമത്തിന്റെ പേരില്‍ പൂവില്‍പന തൊഴിലാക്കിയവരാണ് ഈ കുടുംബം. അമ്മയും ചേച്ചിമാരും നേരംപുലരുവോളം കെട്ടുന്ന പൂക്കള്‍ രാവിലെ സരിതയും അച്ഛനും അനിയന്മാരും ചേര്‍ന്നാണ് തെരുവുകളില്‍ വില്‍ക്കാറുള്ളത്. ഉച്ചയ്ക്ക് 12മണി വരെ പൂക്കള്‍വിറ്റാല്‍ ഒരുനേരം വയറുനിറയ്ക്കാനുള്ളത് കഷ്ടിച്ച് ലഭിക്കും. റാമിന് ഒന്നറിയാമായിരുന്നു, രക്ഷപ്പെടണമെങ്കില്‍ പഠിക്കണം. അത് അദ്ദേഹം തന്റെ മക്കളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ വയറെത്രയെരിഞ്ഞാലും സരിത പുസ്തകം താഴെവെയ്ക്കില്ലായിരുന്നു. പൂവില്‍ക്കുന്ന ഇടവേളകളിലെല്ലാം അവള്‍ പഠിച്ചുകൊണ്ടേയിരുന്നു.. ദാരിദ്ര്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും, ജാതീയമായ അധിഷേപത്തിന്റെയും ഇടയില്‍ നിന്നും രക്ഷപ്പെടണമെന്ന് അച്ഛനോട് പറയുമ്പോഴെല്ലാം അദ്ദേഹം മക്കളുടെ മടിയിലേക്ക് പുസ്തകങ്ങള്‍ വെച്ചുകൊടുക്കുമായിരുന്നു. ഘാട്‌കോപറിലെ കെജെ സോമയ്യ കോളേജില്‍ നിന്ന് 2014 ല്‍ ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ സരിതയുടെ കഴുത്തില്‍ ഒരു നേട്ടം കിടന്ന് തിളങ്ങി. ഒരു സ്വര്‍ണ്ണമെഡല്‍. ഡിഗ്രിക്ക് ശേഷം എന്തെന്ന ചോദ്യത്തിന് സരിതയ്ക്ക് ഒരു ഉത്തരമുണ്ടായിരുന്നു. 2011 ല്‍ തന്റെ സഹോദരനില്‍ നിന്നാണ് അവള്‍ ആ പേര് ആദ്യമായി കേട്ടത്. അവിടെ പഠിക്കുന്നവര്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകുമെന്ന സഹോദരന്റെ വാക്കുകളായിരുന്നു ആ സ്വപ്നത്തിന് വിത്തിട്ടത്. അങ്ങനെ സരിത, ജെ എന്‍ യു യില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നു. 2016 ല്‍ അത് പൂര്‍ത്തിയാക്കി അവിടെ തന്നെ പിഎച്ച്ഡിക്ക് അപേക്ഷിച്ചു. അച്ഛനെ വിളിച്ച് പിഎച്ച്ഡിക്ക് ചേരണമെന്ന് പറഞ്ഞപ്പോള്‍ അത് എന്താണെന്ന് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിനായിരുന്നില്ല. എങ്കിലും ആ അച്ഛന്‍ ഇങ്ങനെ പറഞ്ഞു: നീ പഠിക്കൂ!.. അപ്പോഴാണ് യുഎസില്‍ തുടര്‍പഠനം എന്നൊരു വഴിതുറന്നത്. ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് വാഷിങ്ടണ്‍, കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ അപേക്ഷിച്ചു. അതുവരെയുള്ള പഠനമികവ് കണക്കിലെടുത്ത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് ഒരു സന്ദേശമെത്തി - 7 വര്‍ഷ കോഴ്‌സിന് 'ചാന്‍സലര്‍ ഫെല്ലോഷിപ്പ്'. അങ്ങനെ മുബൈയിലെ തെരുവില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് സരിത നടന്നുകയറുകയാണ്. പൂവില്‍ നിന്ന് പുസ്തകത്തിലേക്കും അവിടെ നിന്ന് കാലിഫോര്‍ണിയയിലേക്കും വളര്‍ന്ന പെണ്‍കുട്ടിയുടെ കഥ. മുന്നില്‍ പ്രതിസന്ധികള്‍ കടന്നുവരുമ്പോള്‍, പ്രതീക്ഷയുടെ എല്ലാവാതിലുകളും അടഞ്ഞുപോയി എന്ന് തോന്നുമ്പോള്‍, നിശ്ചയദാര്‍ഢ്യത്തിന്റെ പൂമാല കോര്‍ത്ത ഈ 28 കാരിയുടെ കഥ നമുക്ക് ഓര്‍മ്മിക്കാം - ശുഭദിനം.

0 comments:

Post a Comment