Day 138

നേതാവും അനുയായികളും കൂടി കാട്ടിലൂടെ നടക്കുകയാണ്. ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ മരത്തിനു മുകളില്‍ ഒരു സ്വര്‍ണ്ണപക്ഷി ഇരിക്കുന്നത് കണ്ടു. ആ പക്ഷിയെ പിടിക്കാന്‍ അവര്‍ക്കാഗ്രഹം തോന്നി. വളരെ ഉയരമുള്ള മരമായതുകൊണ്ട് ആരും അതില്‍ കയറാന്‍ തയ്യാറായില്ല. അവസാനം നേതാവ് പറഞ്ഞു. നിങ്ങള്‍ പരസ്പരം തോളില്‍ കയറിനിന്നാല്‍ ഞാന്‍ അതിന്റെ ഏറ്റവും മുകളില്‍ കയറി പക്ഷിയെ പിടിക്കാം. അവര്‍ സമ്മതിച്ചു. വലിയ ഗോവണിപോലെയായവര്‍. നേതാവ് മുകളിലെത്താറായപ്പോഴേക്കും താഴെ നില്‍ക്കുന്നവര്‍ക്ക് ക്ഷീണംകൊണ്ടും വേദനകൊണ്ടും മടുത്തു. ഏറ്റവും താഴെ നിന്നവര്‍ പിന്മാറി. അതോടെ നേതാവ് താഴെ വീണു. അടിത്തറയില്ലെങ്കില്‍ മേല്‍ക്കൂരയുമില്ല. വേരിന് ആഴമില്ലെങ്കില്‍ എത്രവലിയ വൃക്ഷമായാലും ചെറിയ മണ്ണൊലിപ്പില്‍ കടപുഴകി വീഴും. ആകര്‍ഷകമാക്കാന്‍ നടത്തുന്ന ചിത്രപ്പണികളുടെ പാതി അധ്വാനമെങ്കിലും അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടത്തിയിരുന്നെങ്കില്‍ ദൃഢതയുള്ള ഒരു സമൂഹവും വ്യവസ്ഥിതിയും ഉണ്ടായേനെ. ആരെ മറന്നാലും നമ്മള്‍ ആധാരശിലകളെ മറക്കരുത്. അരങ്ങത്ത് നില്‍ക്കുന്നവരോട് തോന്നുന്ന ആരാധന അണിയറയിലുള്ളവരോട് ഉണ്ടാകണമെന്നില്ല. പക്ഷേ, അവരുടെ അധ്വാനമാണ് അരങ്ങിനെ മനോഹരമാക്കുന്നത്. പിന്നാമ്പുറങ്ങളില്‍ മാത്രം പണിയെടുക്കുന്ന ചില നിശ്ശബ്ദ ജന്മങ്ങളുണ്ട്. മുന്‍നിരയില്‍ അവര്‍ പ്രത്യക്ഷപ്പെടാറേയില്ല. പക്ഷേ, അവരായിരിക്കും മുന്‍നിരയുടെ നെടുതൂണുകള്‍. അടിത്തട്ടില്‍ നില്‍ക്കുന്നവരുടെ മനോഭാവവും മനോബലവും ആരോഗ്യകരമായി നിലനിര്‍ത്തുക എന്നതാണ് മുകളില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്വം. നമുക്ക് നമ്മുടെ ആദ്യപടിയെ ബഹുമാനിക്കാന്‍ ശീലിക്കാം. - ശുഭദിനം.

0 comments:

Post a Comment