Day 143

അവിടെ ഒരു മത്സരം നടക്കുകയാണ്. കമുകിന്റെ ഏറ്റവും മുകളിലെത്തുന്നയാളാണ് വിജയി. കുട്ടികള്‍ മത്സരിച്ച് കയറുന്നുണ്ടെങ്കിലും പലരും പാതിവഴിയില്‍ താഴേക്ക് ഊര്‍ന്നുവീണു. അവസാനം ഒരാള്‍ വിജയിയായി. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരാള്‍ വിജയിച്ച കുട്ടിയോട് ചോദിച്ചു. നിനക്ക് മാത്രം എങ്ങിനെയാണ് മുകളിലേക്ക് എത്താന്‍ കഴിഞ്ഞത്? കുട്ടി പറഞ്ഞു: മറ്റുള്ളവരെല്ലാം കയറുന്നതിനിടക്ക് തങ്ങള്‍ എത്ര ഉയരത്തിലായെന്നറിയാന്‍ താഴേക്ക് നോക്കി. അവര്‍ പേടിച്ചു താഴോട്ടു പോന്നു. ഞാന്‍ മുകളിലേക്ക് മാത്രമേ നോക്കിയുള്ളൂ. അതുകൊണ്ട് താഴെ വീണില്ല. അയാള്‍ അവന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു. ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ മുന്നില്‍ രണ്ടു സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ താഴേക്ക് നോക്കി പരിഭ്രാന്തരാവുക. അല്ലെങ്കില്‍ മുകളിലേക്ക് നോക്കി ആവേശഭരിതരാകുക. പിന്നിട്ട വഴികളേക്കാള്‍ പ്രാധാനമാണ് പിന്നിടാനുള്ള വഴികള്‍. കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടോ പദ്ധതികള്‍ ആവിഷ്‌കരിച്ചോ എല്ലാ യാത്രകളും പൂര്‍ത്തീകരിക്കാന്‍ ആകില്ല. കൊടുമുടികളില്‍ നില്‍ക്കുമ്പോള്‍ ആഴങ്ങളേക്കാള്‍ ആസ്വദിക്കേണ്ടത് ഉയരങ്ങളെയാണ്. കീഴോട്ട് നോക്കുമ്പോഴാണ് കൈകാലുകള്‍ വിറയ്ക്കുന്നത്. നോട്ടം മുകളിലേക്കായാല്‍ നമ്മള്‍ നക്ഷത്രങ്ങളിലേക്ക് അടുക്കുന്നതായി തോന്നും! ഏത് കര്‍മ്മവും തുടങ്ങിയോ എന്നതല്ല, പൂര്‍ത്തിയാക്കിയോ എന്നതാണ് പ്രധാനം. തുടങ്ങാന്‍ താല്‍ക്കാലിക പ്രലോഭനം മതി. പക്ഷേ, പൂര്‍ത്തിയാക്കാന്‍ ആത്മവിശ്വാസവും നിരന്തര പ്രയത്‌നവും വേണം. തുടങ്ങിയതിന്റെ ഇരട്ടിവാശിയുണ്ടെങ്കിലേ തുടരാനാകൂ. തുടങ്ങിയ സ്ഥലത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുകയുള്ളൂ.. സഞ്ചരിച്ച വഴികളെ സംശയത്തോടെ കാണാതെ മുന്നോട്ട് തന്നെ പോവുക. തുടങ്ങിവെച്ച യാത്രകള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

0 comments:

Post a Comment