
അയാള്‍ ലോകപ്രശസ്തനായിരുന്നു. ലോകം മുഴുവനും ധാരാളം ആരാധകരും ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു. വിദേശത്ത് നിന്നും ഒരു യുവാവ് അറിഞ്ഞുകേട്ട തന്റെ മാനസഗുരുവിനെ കാണാന്‍ എത്തി. വഴിയില്‍ കണ്ടയാളോട് യുവാവ് ഗുരുവിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. അയാള്‍ തിരിച്ചു ചോദിച്ചു: ഇയാളെ കാണാനാണോ ഇത്രദൂരം യാത്ര ചെയ്തു വന്നത്. ഇദ്ദേഹത്തെ എനിക്കറിയാം. അയാള്‍ ഒരു വട്ടപൂജ്യമാണ്. ഒരു കഴിവും ഇല്ലാത്ത മനുഷ്യന്‍. താങ്കളുടെ പണവൂം സമയവും നഷ്ടപ്പെടുത്തിയതില്‍ എനിക്ക് സങ്കടം തോന്നുന്നു. ഇതു കേട്ട യുവാവിന് ദേഷ്യം വന്നു. അയാളെ വിവരദോഷിയെന്ന് പറഞ്ഞ് യുവാവ് നടന്നകന്നു. അവസാനം യുവാവ് ആശ്രമത്തിലെത്തി. ഗുരുവിനെ കണ്ട യുവാവ് ഞെട്ടിപ്പോയി. താന്‍ രാവിലെ കണ്ടുമുട്ടിയ ആള്‍തന്നെയായിരുന്നു ഗുരു. കാല്‍ക്കല്‍ വീണ യുവാവിനോട് ഗുരു പറഞ്ഞു: താങ്കള്‍ എന്നോട് പറഞ്ഞതും, ഞാന്‍ താങ്കളോട് പറഞ്ഞതും സത്യമാണ്..... രണ്ടുതരം ആളുകളുണ്ട് നമുക്ക് ചുറ്റും. വലുതാകുന്നതിലൂടെ സ്വയം ചെറുതാകുന്നവരും, ചെറുതാകുന്നതിലൂടെ സ്വയം വലുതാകുന്നവരും. താന്‍ എത്രമാത്രം വലുതാണെന്ന് തെളിയിക്കാനുള്ളതാണ് ആദ്യകൂട്ടരുടെ ഓരോ ശ്രമവും. തങ്ങളെ വണങ്ങുന്നവരെ മാത്രമേ അവര്‍ അംഗീകരി്ക്കുയുള്ളൂ. എപ്പോവും തങ്ങളെ പുകഴ്ത്താന്‍ ഒരു സംഘത്തെതന്നെ അവര്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കും. എത്ര അറിവും ആദരവും നേടി നില്‍ക്കുമ്പോഴും അദൃശ്യരായിരിക്കാനാണ് രണ്ടാംവിഭാഗക്കാര്‍ക്ക് ഇഷ്ടം. അവര്‍ ഒരിക്കലും സ്വയം വാഴ്ത്തുകയില്ല. മറ്റുള്ളവരെ തങ്ങളെ സ്തുതിക്കാന്‍ അനുവദിക്കുകയുമില്ല. ചെറുതാകുന്നവര്‍ക്ക് രണ്ട് ഗുണങ്ങളുണ്ടാകും. അവര്‍ സ്തുതിഗീതങ്ങള്‍ക്ക് മുന്നില്‍ മയങ്ങി വീഴില്ല. അവര്‍ വിമര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരായിരിക്കും. ഇവരിലൂടെയാണ് ഈ ലോകം വലുതാകുന്നത്. നമുക്കും ചെറുതാകാം... വലുതാകാനായി - ശുഭദിനം.

0 comments:
Post a Comment