Day 145

അന്ന് രാജാവിനെ കാണാന്‍ അന്യദേശത്ത് നിന്നും ഒരാള്‍ വന്നെത്തി. അയാളുടെ കയ്യില്‍ ഒരു പാത്രമുണ്ടായിരുന്നു. ഇതൊരു പ്രത്യേകതരം പാത്രമാണെന്നും എങ്ങിനെ താഴെയിട്ടാലും ഇത് ചങ്ങുകയേ ഉള്ളൂ പൊട്ടുകയില്ല എന്നും അയാള്‍ അവകാശപ്പെട്ടു. ഭൃത്യന്മാര്‍ ചുറ്റികകൊണ്ട് അടിച്ചുനോക്കിയെങ്കിലും അത് പൊട്ടിയില്ല. കൊട്ടാരത്തിലെ വിദഗ്ദര്‍ പരിശോധിച്ചു നോക്കിയതിന് ശേഷം പറഞ്ഞു: ഇത് അലുമിനിയം ആണ്. ഭൂമിയില്‍ ഇത് വളരെകുറച്ച് മാത്രമേ ഉള്ളൂ. ഇത് വേര്‍തിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. പക്ഷേ, രാജാവ് ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഈ ലോഹം ശ്രദ്ധനേടിയാല്‍ സ്വര്‍ണ്ണത്തേക്കാളും വെള്ളിയേക്കാളും വില വരുമോ? അങ്ങനെ ഇയാള്‍ കൂടുതല്‍ ധനവാനായി മാറുമോ? അവസാനം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാളെ ജീവിതകാലം മുഴുവന്‍ തുറുങ്കിലടയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു. കിട്ടാതാകുമ്പോള്‍ മാത്രം വിലതിരിച്ചറിയുന്നത് കൊണ്ടാണ് സുലഭമായവയെ ആളുകള്‍ ആഘോഷിക്കാത്തത്. ആവശ്യത്തിന് ഉള്ളവയെയും എപ്പോഴും കൂടെയുള്ളവയെയും ജന്മാവകാശമായി കരുതി അവഗണിക്കും. അപ്രത്യക്ഷമാകുന്നത് വരെ കാത്തിരുന്നാല്‍ ഒന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുവാന്‍ സാധിക്കില്ല. എല്ലാം അവസാനിച്ചതിന് ശേഷം ബോധോദയമുണ്ടാകുന്നതിലും അര്‍ത്ഥമില്ല. ഒന്ന് ക്ഷമിക്കാന്‍ മറവിരോഗം വരുന്നതുവരെ കാത്തുനില്‍ക്കാതിരുന്നെങ്കില്‍ എത്ര സന്തോഷകരവും സംതൃപ്തകരവുമായേനെ ജീവിതം! ഓരോ വസ്തുവിനും വ്യക്തിക്കും എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനും പഠിപ്പിക്കാനുമുണ്ടാകും. ഓരോന്നിനും അതിന്റെതായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടാകും. ഒരിക്കലുള്ളതെല്ലാം എന്നുമുണ്ടാകണമെന്നില്ല. ഒന്ന് നമുക്ക് ഓര്‍മ്മയില്‍ വെയ്ക്കാം. അധികമുള്ളതെല്ലാം ഒരിക്കല്‍ ഇല്ലാതാകാം - ശുഭദിനം.

0 comments:

Post a Comment