
ഒരു ദിവസം അയാള്‍ തന്റെ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയി. കുറച്ച് നേരം കാത്തിരുന്നപ്പോള്‍ ചൂണ്ടയില്‍ എന്തോ ഒന്ന് കൊളുത്തി. അയാള്‍ ചൂണ്ടവലിച്ചുനോക്കിയപ്പോള്‍ വെള്ളിയും സ്വര്‍ണ്ണവും ഇടകലര്‍ന്ന ചിറകുകളുള്ള അതിമനോഹരമായ ഒരു മത്സ്യം. അയാള്‍ അതിനെ വഞ്ചിയില്‍ എടുത്തിട്ടു. ആ മത്സ്യം ജീവനുവേണ്ടി പിടയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് പറഞ്ഞു: എന്നെ നദിയിലേക്ക് പോകാന്‍ അനുവദിക്കൂ. എന്നെ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് മൂന്ന് വരങ്ങള്‍ നല്‍കാം. നിനക്ക് എന്ത് വരം വേണമെങ്കിലും ചോദിക്കാം. എന്നെ ഇപ്പോള്‍ വെള്ളത്തിലേക്ക് ഇടൂ. അയാള്‍ കുറച്ചധികം സമയം ആലോചിച്ചു. ആ മത്സ്യമാകട്ടെ ജീവനുവേണ്ടി പിടഞ്ഞ് തളര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: ശരി അഞ്ച് വരങ്ങള്‍ തന്നാല്‍ ഞാന്‍ നിന്നെ തിരിച്ച് വെള്ളത്തിലേക്ക് ഇടാം. മത്സ്യം പറഞ്ഞു: എനിക്ക് അതിന് സാധിക്കില്ല. മൂന്ന് വരം ഞാന്‍ തരാം. അപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞു: ശരി എന്നാല്‍ നാലരയായാലോ... അതീവദുര്‍ബലയായ മത്സ്യം പറഞ്ഞു: ഇല്ല മൂന്ന് മാത്രം. അപ്പോള്‍ അയാള്‍ പറഞ്ഞു: ശരി നമുക്ക് ഈ ഇടപാട് ഉറപ്പിക്കാം.. നാല്. പക്ഷേ, ആ മത്സ്യം പിന്നീട് അതിന് മറുപടിയൊന്നും പറഞ്ഞില്ല ജീവിതവും ഇതുപോലെയാണ്. വളരെ ഹ്രസ്വമാണ്,. അതില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പു തന്നെ അതങ്ങ് അവസാനിച്ചുപോകും. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളും ഹ്രസ്വവും നന്മനിറഞ്ഞതുമാകട്ടെ - ശുഭദിനം.

0 comments:
Post a Comment