
തന്റെ ശിഷ്യര്‍ താന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം കൃത്യമായി അനുസരിക്കണമെന്ന് ഗുരുവിന് നിര്‍ബന്ധമാണ്. ഒരിക്കല്‍ ഗുരു പറഞ്ഞു: ഇതുവരെ പഠിപ്പിച്ചതെല്ലാം ഹൃദിസ്ഥമാക്കി ചൊല്ലിക്കേള്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ നാളെ പ്രഭാതഭക്ഷണം ഉണ്ടാകൂ. ശിഷ്യന്‍മാരില്‍ മിടുക്കരെല്ലാം കല്‍പനപാലിച്ച് ഭക്ഷണം കഴിച്ചു. ഒരു ശിഷ്യന്‍ വിശപ്പു സഹിക്കാനാകാതെ ഭക്ഷണം ചോദിച്ചെങ്കിലും ഗുരു നിഷേധിച്ചു. അപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: ഈ മുറ്റത്ത്കൂടി ഓടുന്ന പട്ടിക്കും പൂച്ചക്കും കോഴിക്കും വരെ അങ്ങ് ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ.. ആ പരിഗണനയെങ്കിലും എനിക്ക് നല്‍കിക്കൂടെ. ഗുരു അപ്പോള്‍ തന്നെ അവന് ഭക്ഷണം വിളമ്പി. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുകളില്‍ നക്ഷത്ര ചിഹ്നമിട്ട് നിബന്ധനകള്‍ക്ക് വിധേയം എന്ന ബോര്‍ഡ് സ്ഥാപിക്കരുത്. ആര്‍ക്കാണ് വിശപ്പില്ലാത്തത്. അത് ധനികനും ദരിദ്രനും ഒരുപോലെയാണ്. ആര്‍ക്കാണ് വസ്ത്രം ആവിശ്യമില്ലാത്തത്. അത് നാടോടിക്കും രാജാവിനും വേണം. വായുവും വെള്ളവും എന്ത് മേല്‍ക്കോയ്മയുടെ പേരിലും ഒരാള്‍ക്കും നിഷേധിക്കരുത്. എല്ലാം കണിശതയോടെ ചെയ്യുന്നവരേയും പൂര്‍ണ്ണതയോടെ ചെയ്യുന്നവരേയും തേടിയല്ല ഗുരു നടക്കേണ്ടത്. എത്ര ശ്രമിച്ചിട്ടും ശരിയാകാന്‍ കഴിയാത്തവരേയും ദൗര്‍ബല്യങ്ങളിലൂടെയും ന്യൂനതകളിലൂടെയും മാത്രം യാത്ര ചെയ്യുന്നവരേയും അന്വേഷിച്ചാണ് ഗുരു ഇറങ്ങി നടക്കേണ്ടത്. എല്ലായോഗ്യതകളുമുള്ളവരുടെ ഗുരുവാകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അംഗീകാരവും അഭിനന്ദനവും ലഭിക്കും. അര്‍ഹതയില്ലാത്തവരെ സംരക്ഷിക്കാനിറങ്ങിയാല്‍ അപമാനമായിരിക്കും ഫലം. കൃത്ജ്ഞത പ്രകടിപ്പിക്കാന്‍ പോലും അറിയാത്തവരുടെ കാവലാളാകുവാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment