
ചെന്നൈയില്‍ നിന്ന് 15000 കിലോമീറ്റര്‍ അകലെയുള്ള യു എസ്സിലെ മയാമിയില്‍ എഫ്ടിഎക്‌സ് ക്രിപ്‌റ്റോകപ്പിന്റെ അവസാന റൗണ്ടില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനോട് പോരാടുകയാണ് അവന്‍. ചെന്നൈയില്‍ നിന്നും അവന്റെ സഹോദരി അവനൊരു സന്ദേശം അയച്ചിരുന്നു. ' കാള്‍സനെ തോല്‍പിക്കണം' വല്ലാത്തൊരു മൂര്‍ച്ഛയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്... ഏഴാം റൗണ്ടില്‍ ആദ്യ 2 കളികള്‍ സമനിലയിലായെങ്കിലും പിന്നീട് നടന്ന 2 അതിവേഗ കളികളിലും കാള്‍സനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും അവന്‍ നേടി. ലോക ചെസ് ചാമ്പ്യന്‍ തുടര്‍ച്ചയായ മൂന്നു കളികളില്‍ ഒരേ എതിരാളിയോട് പരാജയപ്പെട്ട ഒരു ചരിത്ര സംഭവവും കൂടിയായിരുന്നു അത്. ലോകത്തില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്. ഇത് രമേഷ് ബാബു പ്രഗ്‌നാനന്ദ ചെന്നൈയില്‍ 2005 ലാണ് പ്രഗ്‌നാനന്ദ ജനിച്ചത്. ചെന്നൈ സ്വേദശികളായ നാഗലക്ഷമിയുടേയും രമേഷ് ബാബുവിന്റെയും മകന്‍. ചേച്ചി വൈശാലിയുടെ ചെസ്സ് ബോര്‍ഡിലെ കരുക്കളായിരുന്നു കുഞ്ഞുനാളിലേ അവന്റെ കൂട്ടുകാര്‍... 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ 8 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് അവന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പിന്നീട് 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ്സ് ചാമ്പ്യന്‍ എന്ന നേട്ടം അവനെ തേടിയെത്തി. അന്ന് 10 വയസ്സായിരുന്നു അവന്റെ പ്രായം. രണ്ട് വര്‍ഷത്തിന് ശേഷം 12-ാം വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍ ആയി. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാണ് ഈ 17കാരന്‍. ഇത് ഭാഗ്യമോ സൂത്രമോ അല്ല, പ്രതിഭ തന്നെയാണ്. സ്വന്തം കഴിവിലുളള ആത്മവിശ്വാസം ആണ്. അതെ, സ്വപ്നങ്ങള്‍ ഉറക്കത്തില്‍ മാത്രം കാണാനുള്ളതല്ല, ഒരു ജയവും അസാധ്യമല്ല... - ശുഭദിനം.

0 comments:
Post a Comment