
അന്ന് രാജാവും രാജ്ഞിയും നാടുകാണാന്‍ ഇറങ്ങി. യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രാജ്ഞിയുടെ കയ്യിലെ സ്വര്‍ണ്ണവള കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഒരു വയോധികനാണ് ആ വള കളഞ്ഞുകിട്ടിയത്. മുപ്പതു ദിവസത്തിനുള്ളില്‍ കളഞ്ഞു കിട്ടിയ വള ഏല്‍പ്പിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും അതു കഴിഞ്ഞ് ആരുടെയെങ്കിലും കയ്യില്‍ ആ വള കണ്ടാല്‍ അയാളുടെ തലകൊയ്യുമെന്നും കൊട്ടാരത്തില്‍ നിന്നും ഒരറിയിപ്പുണ്ടായി. മുപ്പത്തിയൊന്നാം ദിവസം അയാള്‍ ആ വള കൊട്ടാരത്തിലേല്‍പ്പിച്ചു. രാജ്ഞി ചോദിച്ചു: എന്നാണ് ഇതു കിട്ടിയത്. അയാള്‍ പറഞ്ഞു: ആദ്യ ദിനം തന്നെ. പിന്നെന്താണ് ഇത്രയും താമസിച്ചത്? ഞാന്‍ നേരത്തേ തന്നാല്‍ അതു താങ്കളുടെ സമ്മാനത്തിനുവേണ്ടിയോ താങ്കളെ ഭയന്നിട്ടോ ആണെന്നുവരും. എന്റേതല്ലാത്ത ഒന്നും ഞാന്‍ സ്വന്തമാക്കാറില്ല എന്നതുകൊണ്ടാണ് ഞാന്‍ ഇത് തിരിച്ചേല്‍പ്പിക്കുന്നത്! എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എന്തുകൊണ്ട് ചെയ്യുന്നു എന്നത്. സ്വന്തമായ വിശ്വാസപ്രമാണങ്ങളില്ലാതെ ചെയ്യുന്ന ഒരു കര്‍മ്മത്തിനും സ്ഥിരതയോ നൈതികതയോ ഉണ്ടാകില്ല. സ്വന്തമായി കാഴ്ചപ്പാടുകളുള്ളവരെ പ്രലോഭനങ്ങളില്‍ വീഴ്ത്താനോ ഭയപ്പെടുത്താനോ സാധിക്കുകയില്ല. ഇരുളോ വെളിച്ചമോ അവരുടെ പ്രവര്‍ത്തനശൈലിയെ ബാധിക്കുന്നില്ല. അവര്‍ രഹസ്യമായും പരസ്യമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഒരേ നിലവാരമായിരിക്കും. ഒരു കാര്യലാഭവുമില്ലാതെ ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ആകെത്തുകയാണ് അയാളുടെ സ്വഭാവം. അവരാണ് പ്രലോഭനങ്ങളില്‍ വീഴാത്തവര്‍... അവരെയാണ് നമുക്ക് കണ്ണടച്ചു വിശ്വസിക്കാനാവുക - ശുഭദിനം.

0 comments:
Post a Comment