Day 199

1964 ജൂണ്‍ മാസം പന്ത്രണ്ടാം തിയതി  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് നെല്‍സണ്‍ മണ്ടേല റോബന്‍ ദ്വീപില്‍ എത്തുന്നത്.  8 അടി നീളവും 7 അടിവീതിയും ഉള്ള ഒരു ചെറിയ സെല്ലിലാണ് അദ്ദേഹത്തെ ഇട്ടിരുന്നത്. 27 വര്‍ഷങ്ങള്‍ അദ്ദേഹം റോബന്‍ ദ്വീപിലെ ഏകാന്ത തടവുകാരനായിരുന്നു. പക്ഷേ സ്വാതന്ത്ര്യദാഹം ഒട്ടും ചോര്‍ന്നുപോകാതെ ഇക്കാലമത്രയും അദ്ദേഹം അവിടെ കഴിഞ്ഞു.  ഇതിനിടയില്‍ വിദൂരവിദ്യാഭ്യാസം വഴി നിയമബിരുദം നേടി.  1990 ല്‍ ജയില്‍ മോചിതനാകും വരെ അദ്ദേഹം തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.   വര്‍ണ്ണവിവേചനത്തിനെതിരെയും സമാധാനത്തിനുമുള്ള ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജീവിതം.. കടുത്ത ഏകാന്തതയും പീഢനങ്ങളും നിര്‍മ്മിച്ച പരിതസ്ഥിതിയില്‍ നിന്നും ലോകത്തെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദുരന്തങ്ങള്‍ മാത്രല്ല, പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്... - ശുഭദിനം.

Day 198

1971 ലെ ക്രിസ്തുമസ്സ് രാത്രി.  ജൂലിയന്‍ കോയിപ്‌കെ സഞ്ചരിച്ച വിമാനം ഇടിമിന്നലേറ്റു തകര്‍ന്നു.  വിമാനം തകര്‍ന്നതിന് ശേഷവും അവള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല.  പെറുവിയന്‍ മഴക്കാടുകള്‍ക്ക് രണ്ട് മൈല്‍ മുകളില്‍ വിമാനത്തിലെ തന്റെ ഇരിപ്പിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ജൂലിയന്‍.  കാടിനുള്ളില്‍ തകര്‍ന്നുവീണ വിമാനത്തില്‍ അവള്‍മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. ഗുരുതരമായ പരിക്കുകള്‍ അവളെ ബാധിച്ചിരുന്നു. തകര്‍ന്ന വിമാനത്തില്‍ നിന്നും ലഭിച്ച ചോക്ലേറ്റുകള്‍ ആയിരുന്നു അവളുടെ ഭക്ഷണം. അത് കഴിച്ചുകൊണ്ട് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവള്‍ ശ്രമിച്ചു.  കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാടിനുള്ളില്‍ ഒരു ചെറിയ അരുവി കണ്ടെത്തിയത് വലിയ ആശ്വാസമായി.  പക്ഷേ, കാട്ടിനുള്ളിലെ മറ്റൊരു പ്രതിസന്ധി പ്രാണികളായിരുന്നു.  അവസാനം ഒന്‍പതാം ദിവസം മരം മുറിക്കുന്ന തൊഴിലാളികള്‍ അവളെ കണ്ടെത്തുകയായിരുന്നു.   ജീവിതവും മരണവുമായി പോരടിച്ച  9 ദിവസങ്ങള്‍, വിഖ്യാത സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ വിംഗ്‌സ് ഓഫ് ഹോപ്പ് എന്ന ഡോക്യുമെന്ററി ജൂലിയന്‍ കോയിപ്‌കെയുടെ അതിജീവനത്തിന്റെ കഥയായിരുന്നു.  ഏത് പ്രതിസന്ധയിലും ഉള്ളില്‍ എരിയുന്ന ആത്മവിശ്വാസത്തെ കെടാതെ നോക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.

Day 197

അന്ന് ഒന്നാം ക്ലാസ്സില്‍ ടീച്ചര്‍ കണക്കാണ് എടുത്തത്. ടീച്ചര്‍ ഒരാളോട് ചോദിച്ചു ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ പിന്നെ ഒരു ആപ്പിള്‍ പിന്നെ ഒരു ആപ്പിളും തന്നും ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്? അവന്‍ പറഞ്ഞു: നാല്. ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു. ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്? കുട്ടി ഉത്തരം പറഞ്ഞു: മൂന്ന്. തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു: ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്? അവന്‍ ഉത്തരം പറഞ്ഞു: നാല്. ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു. അതെങ്ങിനെ നാലാകും? ടീച്ചര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ ബാഗില്‍ ഒരു ആപ്പിളുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ വിചാരിക്കുന്നതാണ് ശരിയുത്തരം എന്ന് വാശിപിടക്കരുത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ മാത്രമേ ഉണ്ടാകൂ. ശരിയും തെറ്റും ചോദിക്കുന്നവരുടേയും പറയുന്നവരുടേയും ചിന്താഗതിക്കും പരിസ്ഥിതിക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരാള്‍ പഠിച്ചിട്ടുള്ള ഉത്തരങ്ങളും പ്രതീക്ഷിക്കുന്ന മറുപടിയും മറ്റൊരാള്‍ നല്‍കണമെന്ന് വാശിപിടിച്ചാല്‍ അത് പരീക്ഷാ പേപ്പറില്‍ മാത്രമേ കാണൂ. ജീവിതത്തില്‍ സമവാക്യങ്ങള്‍പോലും മാറിമറിയും. ഒരു ഉത്തരവും കിട്ടാത്ത സമയവും ഉണ്ടാകും. ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ പറഞ്ഞവരുടെ അറിവിലും അനുഭവത്തിലും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച് നമ്മുടെ ഇടപെടലിലും മാറ്റമുണ്ടാകണം. അത്തരം ഇടപെടലുകളാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക. - ശുഭദിനം.

Day 196

അയാള്‍ പ്രസിദ്ധനായ ഒരു സംഗീതജ്ഞായിരുന്നു. ഒരിക്കല്‍ വളരെ വിഷാദവാനായിരുന്ന അയാള്‍ വളരെ അലസമായി പിയാനോ വായിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരത്തില്‍ വിരല്‍ മുട്ടി. തന്റെ ഇത്രയും കാലത്തെ സംഗീതതപസ്യയില്‍ അദ്ദേഹം കാത്തിരുന്ന സ്വരമായിരുന്നു അത്. പിയാനോയില്‍ ആ സ്വരം കേള്‍ക്കാന്‍ വീണ്ടും വീണ്ടും അദ്ദേഹം ശ്രമിച്ചെങ്കിലും അതയാള്‍ക്ക് കണ്ടെത്താനായില്ല. അതേ ലയം വീണ്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല. മാസങ്ങളും വര്‍ഷങ്ങളും അയാള്‍ ആ ലയത്തിനായി പരിശ്രമിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. അങ്ങനെ ആ പരിശ്രമം അവിടെ ഉപേക്ഷിക്കപ്പെട്ടു. പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം അലസമായി പിയാനോ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സ്വരം മടങ്ങി വന്നു! അന്ന് അയാള്‍ക്ക് ഒരു രഹസ്യം മനസ്സിലായി.. അതീതമായത് നമ്മളിലേക്ക് വരുന്നത്, നമ്മള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴല്ല, കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴല്ല. അത് ഒരു അത്ഭുതമായി കടന്നുവരുന്നെന്ന് മാത്രം. നമ്മളില്‍ നമ്മളെ അര്‍പ്പിച്ച്, നമുക്ക് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക.. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഫലം നമ്മെ തേടി വരിക തന്നെ ചെയ്യും - ശുഭദിനം.

Day 195

അതൊരു ആഡംബരക്കപ്പലായിരുന്നു. അതിലെ ഏറ്റവും താഴ്ന്ന ക്ലാസ്സിലാണ് ആ അച്ഛനും അമ്മയും രണ്ടുമക്കളും യാത്രചെയ്തിരുന്നത്. തന്റെ കുടുംബത്തിന്റെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ആ കപ്പലില്‍ യാത്ര ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ഒരുപാട്കാലത്തെ സമ്പാദ്യം ചേര്‍ത്തുവെച്ചാണ് അവര്‍ ആ യാത്ര നടത്തിയിരുന്നത്. ആ കുടുംബത്തിലെ ഇളയകുട്ടി കപ്പല്‍ മുഴുവന്‍ ഓടിനടന്ന് കാണുമായിരുന്നു. ഉയര്‍ന്ന ക്ലാസ്സുകാരുടെ സെക്ഷനിലെ ബേക്കറിയാണ് അവനെ കൂടുതല്‍ ആകര്‍ഷിച്ചത്. അവിടെ ഒരു വിശേഷപ്പെട്ട കേക്ക് അവന് ഒരുപാട് ഇഷ്ടമായി. 4 ഡോളറായിരുന്നു അതിന്റെ വില. അവന്‍ തന്റെ അച്ഛനോട് കേക്ക് ആവശ്യപ്പെട്ടു. പക്ഷേ, അയാളുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. കപ്പല്‍യാത്രയുടെ അവസാനദിവസം അച്ഛന്‍ അവന് നാലു ഡോളര്‍ സംഘടിപ്പിച്ചു കൊടുത്തു. അവന്‍ സന്തോഷത്തോടെ ബേക്കറിയിലെത്തി. പക്ഷേ, അപ്പോഴാണ് അറിയുന്നത് ആ കേക്കിന് അര ഡോളര്‍ ടാക്‌സ് കൂടി ഉണ്ടെന്ന്. അവന്‍ സങ്കടത്തോടെ അവിടെയുള്ള ഒരു കസേരയില്‍ പോയിരുന്നു. ഇതെല്ലാം ആ ബേക്കറിയുടെ മുതലാളി കാണുന്നുണ്ടായിരുന്നു. അയാള്‍ അവന് ആ കേക്ക് വെറുതെ നല്‍കാം എന്ന് പറഞ്ഞു. പക്ഷേ, അവന്‍ സമ്മതിച്ചില്ല. എങ്കില്‍ ആ കേക്കിന് മുകളിലുള്ള ചെറിയെടുത്തിട്ട് നാല് ഡോളറിന് ആ കേക്ക് നല്‍കാം എന്ന് അയാള്‍ പറഞ്ഞു. ആ കേക്ക് മൊത്തമായാണ് താന്‍ ആഗ്രഹിച്ചത്, ചെറിയില്ലാതെ ആ കേക്ക് തനിക്ക് വേണ്ട എന്നായി അവന്‍. അവന്‍ അയാളോട് മറ്റോരു കാര്യം ചോദിച്ചു. തനിക്ക് ഇവിടെ കുറച്ച് നേരത്തേക്ക് എന്തെങ്കിലും ജോലി തരുമോ എന്ന്.. അയാള്‍ സമ്മതിച്ചു. അങ്ങനെ രണ്ട് മണിക്കൂര്‍ അവന്‍ ആ ബേക്കറിയില്‍ അവനാകുന്ന രീതിയിലുള്ള ജോലി ചെയ്തു. അയാള്‍ അവന് പത്ത് ഡോളര്‍ നല്‍കി. താന്‍ അധ്വാനിച്ച് നേടിയ തുകയില്‍ നിന്ന് രണ്ട് കഷ്ണം കേക്കുമായി അവന്‍ തന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി.. ആഗ്രഹങ്ങള്‍ നമുക്കുമുണ്ടാകും. ആ ആഗ്രഹത്തിലേക്കുളള യാത്രയ്ക്കിടെ പല തടസ്സങ്ങളും വന്നുചേരാം.. പക്ഷേ, ആ തടസ്സങ്ങളില്‍ മനം മടുക്കാതെ , തന്റെ സ്വപ്നങ്ങളിലേക്ക് .. ആഗ്രഹങ്ങളിലേക്ക് നടന്നടുക്കുക. സ്വപ്നം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി നമുക്കും അനുഭവഭേദ്യമാകട്ടെ - ശുഭദിനം.