
അതൊരു ആഡംബരക്കപ്പലായിരുന്നു. അതിലെ ഏറ്റവും താഴ്ന്ന ക്ലാസ്സിലാണ് ആ അച്ഛനും അമ്മയും രണ്ടുമക്കളും യാത്രചെയ്തിരുന്നത്. തന്റെ കുടുംബത്തിന്റെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ആ കപ്പലില്‍ യാത്ര ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ഒരുപാട്കാലത്തെ സമ്പാദ്യം ചേര്‍ത്തുവെച്ചാണ് അവര്‍ ആ യാത്ര നടത്തിയിരുന്നത്. ആ കുടുംബത്തിലെ ഇളയകുട്ടി കപ്പല്‍ മുഴുവന്‍ ഓടിനടന്ന് കാണുമായിരുന്നു. ഉയര്‍ന്ന ക്ലാസ്സുകാരുടെ സെക്ഷനിലെ ബേക്കറിയാണ് അവനെ കൂടുതല്‍ ആകര്‍ഷിച്ചത്. അവിടെ ഒരു വിശേഷപ്പെട്ട കേക്ക് അവന് ഒരുപാട് ഇഷ്ടമായി. 4 ഡോളറായിരുന്നു അതിന്റെ വില. അവന്‍ തന്റെ അച്ഛനോട് കേക്ക് ആവശ്യപ്പെട്ടു. പക്ഷേ, അയാളുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. കപ്പല്‍യാത്രയുടെ അവസാനദിവസം അച്ഛന്‍ അവന് നാലു ഡോളര്‍ സംഘടിപ്പിച്ചു കൊടുത്തു. അവന്‍ സന്തോഷത്തോടെ ബേക്കറിയിലെത്തി. പക്ഷേ, അപ്പോഴാണ് അറിയുന്നത് ആ കേക്കിന് അര ഡോളര്‍ ടാക്‌സ് കൂടി ഉണ്ടെന്ന്. അവന്‍ സങ്കടത്തോടെ അവിടെയുള്ള ഒരു കസേരയില്‍ പോയിരുന്നു. ഇതെല്ലാം ആ ബേക്കറിയുടെ മുതലാളി കാണുന്നുണ്ടായിരുന്നു. അയാള്‍ അവന് ആ കേക്ക് വെറുതെ നല്‍കാം എന്ന് പറഞ്ഞു. പക്ഷേ, അവന്‍ സമ്മതിച്ചില്ല. എങ്കില്‍ ആ കേക്കിന് മുകളിലുള്ള ചെറിയെടുത്തിട്ട് നാല് ഡോളറിന് ആ കേക്ക് നല്‍കാം എന്ന് അയാള്‍ പറഞ്ഞു. ആ കേക്ക് മൊത്തമായാണ് താന്‍ ആഗ്രഹിച്ചത്, ചെറിയില്ലാതെ ആ കേക്ക് തനിക്ക് വേണ്ട എന്നായി അവന്‍. അവന്‍ അയാളോട് മറ്റോരു കാര്യം ചോദിച്ചു. തനിക്ക് ഇവിടെ കുറച്ച് നേരത്തേക്ക് എന്തെങ്കിലും ജോലി തരുമോ എന്ന്.. അയാള്‍ സമ്മതിച്ചു. അങ്ങനെ രണ്ട് മണിക്കൂര്‍ അവന്‍ ആ ബേക്കറിയില്‍ അവനാകുന്ന രീതിയിലുള്ള ജോലി ചെയ്തു. അയാള്‍ അവന് പത്ത് ഡോളര്‍ നല്‍കി. താന്‍ അധ്വാനിച്ച് നേടിയ തുകയില്‍ നിന്ന് രണ്ട് കഷ്ണം കേക്കുമായി അവന്‍ തന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി.. ആഗ്രഹങ്ങള്‍ നമുക്കുമുണ്ടാകും. ആ ആഗ്രഹത്തിലേക്കുളള യാത്രയ്ക്കിടെ പല തടസ്സങ്ങളും വന്നുചേരാം.. പക്ഷേ, ആ തടസ്സങ്ങളില്‍ മനം മടുക്കാതെ , തന്റെ സ്വപ്നങ്ങളിലേക്ക് .. ആഗ്രഹങ്ങളിലേക്ക് നടന്നടുക്കുക. സ്വപ്നം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി നമുക്കും അനുഭവഭേദ്യമാകട്ടെ - ശുഭദിനം.

0 comments:
Post a Comment