ഒരു തലമുറ മുൻപുവരെ പഠിപ്പിച്ച അധ്യാപകരുടെ പേരുകൾ ചോദിച്ചാൽ മിക്കപ്പോഴും പറയുവാൻ പ്രയാസമായിരിക്കും. എന്നാൽ അവരുടെ ഇരട്ടപ്പേരുകൾ മിക്കവാറും ഓർക്കുന്നുണ്ടാകും. ആ പേരുകളിൽ ആ അധ്യാപകരുടെ സ്വഭാവസവിശേഷതകൾ ഒളിഞ്ഞിരിക്കുന്നുമുണ്ടാകും. പലപ്പോഴും കുട്ടികൾക്ക് നല്ലതല്ലാത്ത ചില സവിശേഷതകൾ കൊണ്ടായിരിക്കും ഇരട്ടപ്പേരുകൾ പിറക്കുന്നത്. പക്ഷേ ചിലപ്പോഴെങ്കിലും ഇരട്ടപേരുകൾ നല്ലതാകാറുമുണ്ട്. അത്തരമൊരു കഥ കഥയാണ് ഇനി. ലോകത്തിലെ പ്രധാന വേദികളിലെല്ലാം സംഗീതം അവതരിപ്പിച്ച ഒരാൾ. രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ യൂണിവേഴ്സിറ്റികളും ഡോക്ടറേറ്റ് നൽകിയ ആദരണീയൻ. രാജ്യം പത്മശ്രീയും പത്മഭൂഷണും ഒടുവിൽ പരമോന്നത ബഹുമതിയായ ഭാരതരത്നയും നൽകി ആദരം നൽകിയ ഷഹനായി ചക്രവർത്തി ഉസ്താദ് ബിസ്മില്ലാഖാൻ! ഇത്രയും ബഹുമതികൾക്ക് അർഹനായിട്ടും ജീവിതം ഒരു മഞ്ചാടിക്കുരുവിനെ പോലെ ചെറുതാക്കിയെടുക്കുയായിരുന്നു ഉസ്താദ്. ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം ആഡംബര ഹോട്ടലുകളിലെ താമസം ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ സായാഹ്നത്തിൽ സാമ്പത്തികമായ പ്രയാസങ്ങളും അദ്ദേഹം നേരിടേണ്ടിവന്നു. എന്നാലും അദ്ദേഹത്തിന് ഒന്ന് രണ്ട് കാര്യങ്ങളിൽ നിർബന്ധമുണ്ടായിരുന്നു. ഒന്നു തന്റെ വീട്ടിലേക്ക് ആർക്കും എപ്പോഴും വരാം. രണ്ട് വീട്ടിലെത്തുന്ന ഏതൊരാളും അവിടെ നിന്നും ഭക്ഷണം കഴിച്ചിരിക്കണം. ഏതുസമയത്തും ഭക്ഷണമൊരുക്കി അദ്ദേഹം കാത്തിരുന്നു. ആ ആതിഥേയത്വം ഉസ്താദിന്റെ വീടിനൊരു പേര് കൊടുത്തു. 'ബിസ്മില്ല ഹോട്ടൽ'. ആ പേര് സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിശേഷണം ആയിരുന്നു. ഇന്നും ആരാധകർ ആ വീടിനെ അങ്ങനെതന്നെ വിശേഷിപ്പിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇത്തരം വിശേഷണ പദങ്ങൾ ധാരാളം ഉണ്ടാകട്ടെ. ആ വിശേഷണങ്ങളിൽ എന്നും ഓർക്കപ്പെടുന്ന ഒരു നന്മ നിറയ്ക്കാൻ നമുക്കും ആകട്ടെ - ശുഭദിനം
നമ്മുടെ ജീവിതത്തിലും ഇത്തരം വിശേഷണ പദങ്ങൾ ധാരാളം ഉണ്ടാകട്ടെ. ആ വിശേഷണങ്ങളിൽ എന്നും ഓർക്കപ്പെടുന്ന ഒരു നന്മ നിറയ്ക്കാൻ നമുക്കും ആകട്ടെ - ശുഭദിനം

0 comments:
Post a Comment