Part 28

പാറ്റി സ്മിത്ത് ഹില്‍, ഒരു കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.  അതേ സ്‌ക്കൂളിലെ സംഗീതാദ്ധ്യാപികയായിരുന്നു മില്‍ഡ്രഡ് ജെ ഹില്‍.  ഇരുവരും സഹോദരിമാര്‍.  പക്ഷേ, ഇങ്ങനെ ഒരു പരിചയപ്പെടുത്തലിലൂടെ ലോകം ഇവരെ അറിയണം എന്നില്ല.  അമേരിക്കയിലെ 'കെന്റക്കി ' പട്ടണത്തിലെ ഒരു സാധാരണ ടീച്ചര്‍മാര്‍ അത്രമാത്രം.  എന്നാല്‍ ലോകം മുഴുവന്‍ പാടുന്ന ഒരു പാട്ടിന് സംഗീതം ഒരുക്കിയത് ഇവരാണ്.  'ഗുഡ് മോണിങ്ങ് ടു ആള്‍ ' എന്ന നേഴ്‌സറി ഗാനം ഇവരുടെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഒരുക്കിയത്.  എന്നാല്‍ പിന്നീട് ഇതേ ഈണത്തില്‍ അവരില്‍ നിന്നും മറ്റൊരു ഗാനം പിറന്നു.  'ഹാപ്പി ബര്‍ത്ത് ഡേ ടു യു' .  1893 ല്‍ ആയിരുന്നു ഈ ഗാനത്തിന്റെ പിറവി.  ഇംഗ്ലീഷില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട ഗാനം, ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗാനം.  അനവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനം.  80 വര്‍ഷത്തോളം പകര്‍പ്പവകാശത്തെ തുടര്‍ന്ന് കോടതി നടപടികള്‍ക്ക് വിധേയമായ ഗാനം. പകര്‍പ്പവകാശനിയമ പ്രകാരം ലക്ഷക്കണക്കിന് ഡോളര്‍ വരുമാനം നേടിയിരുന്നു ഈ പാട്ടിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കമ്പനി.  എന്നാല്‍ ഈ പാട്ട് പിറവി കൊണ്ട അന്നുമുതല്‍ ഹില്‍ സഹോദരിമാര്‍ മരിക്കുവോളം ഒരു നയാ പൈസ പോലും അവര്‍ക്ക് ലഭിക്കുകയുണ്ടായില്ല !!  പണം ഒരാവശ്യഘടകം തന്നെയാണ്.  എന്നാല്‍ ചിലപ്പോള്‍ പണത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചിലതെല്ലാം സംഭവിക്കുന്നുണ്ട്.  ഓരോ തവണയും 'ഹാപ്പി ബര്‍ത്തഡേ' പാടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സന്തോഷവും, ആഘോഷവും, കരുതലും ഏത് യൂണിറ്റ് വെച്ച് അളന്ന് നോക്കും.  അപ്പോഴും കാലാതീതമായി ഹില്‍ സോഹാദരിമാരുടെ സൃഷ്ടി കൂടുതല്‍ തിളങ്ങിക്കൊണ്ടിരിക്കും.  ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്, പ്രതിഫലം എപ്പോഴും പണം മാത്രമായിരിക്കില്ലെന്നും, പണത്തിനേക്കാള്‍ മൂല്യവത്തായ പലതും പ്രതിഫലമായി നല്‍കാമെന്നും നേടാമെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ - ശുഭദിനം 

0 comments:

Post a Comment