Part 30

ക്രൊയേഷ്യയില്‍ യുദ്ധം നടക്കുകയാണ്. സെര്‍ബിയന്‍ സൈന്യം ക്രൊയേഷ്യന്‍ വംശജരോട് നാട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.  ലൂക്കായ്ക്ക് അന്ന് 6 വയസ്സാണ്.  അവന്റെ അച്ഛന്‍ ഒരു മെക്കാനിക്കും, അമ്മ ഒരു തയ്യല്‍ തൊഴിലാളിയുമായിരുന്നു.  മുത്തച്ഛനായിരുന്നു അവന്റെയും അനിയത്തിയുടേയും സംരക്ഷകനും കൂട്ടുകാരനും. ലൂക്കയുടെ മുത്തച്ഛന്‍ ഒരു പഴയ പട്ടാളക്കാരനായിരന്നു.  അതുകൊണ്ടുതന്നെ സൈന്യത്തിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.  ഒരു ദിവസം കാലിമേക്കാന്‍ പോയ മുത്തച്ഛനെ ശത്രുസൈന്യം വകവരുത്തി.  മാത്രമല്ല, ലൂക്കയുടെ വീടും തീയിട്ട് നശിപ്പിച്ചു.  തിരിച്ചുകിട്ടിയ ജീവനുമായി അവര്‍ ആ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെ ക്യാംപിലേക്ക് കുടിയേറി.  ഭക്ഷണമോ തലചായ്ക്കാന്‍ ഒരിഞ്ചുസ്ഥലമോ ഇല്ലാത്ത ഒരിടമായിരുന്നു ആ ക്യാംപ്.  എത്ര സങ്കടം വന്നാലും ഫുഡ്‌ബോള്‍ കണ്ടാല്‍ കുഞ്ഞ് ലൂക്കയുടെ സങ്കടം സന്തോഷത്തിന് വഴിമാറും.  മൈന്‍ കുഴിച്ചിട്ട പട്ടണത്തിന്റെ ഇടവഴികളില്‍ കുഞ്ഞ് ലൂക്ക ഫുഡ്‌ബോള്‍ ഉരുട്ടി നടന്നു. 1995 ല്‍ ക്രൊയേഷ്യ സ്വതന്ത്രമായി.  കുഞ്ഞു ലൂക്കയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചു.  കുട്ടികള്‍ക്കുള്ള ഫുഡ്‌ബോള്‍ ക്ലബ്ബില്‍ അവന്‍ അംഗമായി.  മുതിര്‍ന്നപ്പോള്‍ ശാരീരികക്ഷമതയില്ലെന്ന് പറഞ്ഞ് ക്രൊയേഷ്യന്‍ ക്ലബ്ബുകള്‍ ലൂക്കയെ പുറന്തള്ളി.  വീണ്ടും നിരന്തര പരിശ്രമങ്ങള്‍.  പല പല ക്ലബ്ബുകള്‍.  അങ്ങനെ 2012 ല്‍ റയല്‍മാഡ്രില്‍ എത്തിപ്പെട്ടു.  കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച് നിഷ്‌കളങ്കമായ ചിരിയോടെ നിന്ന ലൂക്കയെ ലോകം നെഞ്ചിലേറ്റി.  ഇത് ലൂക്ക മോഡ്രിച്ച്.  അഭയാര്‍ത്ഥിക്യാംപില്‍ നിന്ന് ലോകഫുട്‌ബോളറിലേക്ക് ഉയര്‍ന്ന വ്യക്തിത്വം.  ഇച്ഛാശക്തി ഒന്ന് മാത്രം മതി അതിജീവനത്തിന്റെ പുഞ്ചിരിവിരിയിക്കാന്‍ എന്ന് ലൂക്ക മോഡ്രിച്ച് നമുക്ക് കാട്ടിതരുന്നു.  അതിജീവനത്തിന്റെ നാള്‍വഴികളില്‍ പ്രതിസന്ധികളെ നേരിടാനുള്ള ഇച്ഛാശക്തി, തോല്‍വികളെ പുഞ്ചിരിയോടെ നേരിടാനുള്ള ഇച്ഛാശക്തി. വിജയത്തിലേക്ക് സധൈര്യം നടന്നുകയറാനുള്ള ഇച്ഛാശക്തി.... അത് നമ്മുടേയും കൈമുതലായി മാറട്ടെ - ശുഭദിനം   

0 comments:

Post a Comment