Part 42

2006ൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിൽ താഴിട്ടു പൂട്ടി കാർഡിയാക് സർജറിക്ക് വിധേയനായി. 2007 ൽ തനിയാവർത്തനം, രണ്ടാമത്തെ സർജറി.  ജപ്പാൻകാരനായ ഒരു പർവതാരോഹകന്റെ സ്വപ്നങ്ങളെ നുള്ളിയെടുത്തുകൊണ്ടുള്ള അസുഖങ്ങൾ.  ഇത് യുചിറോ മിയുറ എന്ന പർവതാരോഹകന്റെ കഥ. മഞ്ഞുറഞ്ഞ താഴ് വരകളിലാണ്‌ കുഞ്ഞു മിയുറ കളിച്ചു വളർന്നത്.  ഏറെ ചെറുപ്പത്തിലേ ശൈത്യകാല വിനോദങ്ങളിൽ വലിയ പ്രകടനമികവ് അവൻ കാണിച്ചിരുന്നു.  വളർന്നപ്പോൾ കൂടെ ലക്ഷ്യങ്ങളും വളർന്നു.  ശീത താഴ് വരക്ക് അതിരിട്ടു നിൽക്കുന്ന എവറസ്റ്റ്.  കീഴടക്കണം.  പൂർവികർ ചവുട്ടിതള്ളിയ മഞ്ഞുപാളികൾക്കു മുകളിലൂടെ ഉയരത്തിലെത്തണം.  പല ശ്രമങ്ങൾ. ചിലതെല്ലാം പരാജയപ്പെട്ടു.  2006,  2007 അദ്ദേഹത്തിന്റെ ജീവിതപരീക്ഷണങ്ങൾ കടുത്തതായിരുന്നു. രണ്ട് കാലിലും 5 കിലോഗ്രാം ഭാരവും പുറത്ത് 30 കിലോ ഭാരവുമായി 5.5 മൈൽ എന്നും നടത്തം.  ഓക്സിജൻ അളവ് കുറഞ്ഞ മുറിയിൽ താമസം. ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടീസ്. 2013 മെയ് 23. യുചിറോ എവറസ്റ്റ് കീഴടക്കി. മഞ്ഞണിഞ്ഞ മാമലകൾക്കു മുകളിൽ എവറെസ്റ്റിനു മുകളിൽ നിന്നും യുചിറോ ചിരിച്ചു.  ആ ചിരിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു.  അന്നദ്ദേഹത്തിന്ടെ പ്രായം വെറും 80 വയസ്സ് ആയിരുന്നു.  ചിന്തിക്കാൻ ആകുമോ 80 ആം വയസ്സിൽ നമ്മൾ എവറസ്റ് കയറുന്നത്‌ !! മോട്ടിവേഷൻ സ്പീച്ചുകളിൽ നമ്മൾ പറയും പ്രായം,  അത് വെറും അക്കങ്ങൾ മാത്രമാണെന്ന്.  എന്നിട്ടും ഒന്നും ചെയ്യാതെ പ്രായത്തെ പഴിച്ചു നാം എന്തെല്ലാം മാറ്റിവെച്ചിരിക്കുന്നു.  നമുക്ക് വീണ്ടും ഓർക്കാം,  ഒരു ജന്മം, അതിൽ ചെയ്തു തീർക്കാൻ എത്രയോ കാര്യങ്ങൾ... പ്രായം, കാലം, അവസരം... ഇതിനൊന്നുമല്ല പ്രാധാന്യം...  ' ആറ്റിട്യൂഡ് ' അതാണ് പ്രധാനം.  - നമ്മിലെ മാറ്റിവെക്കപ്പെട്ട ലക്ഷ്യങ്ങൾ പൊടിതട്ടിയെടുക്കാം,  അവക്ക് പുത്തൻ ചിറകുകൾ നൽകാം - ശുഭദിനം

0 comments:

Post a Comment