Part - 50

സ്‌കോട്ട്‌ലാന്റിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച വെള്ളക്കാരന്‍.  കൃഷിയായിരുന്നു കുടുംബവരുമാനം. 1841 മെയ് 17 ന് ജനനം.  1856 ല്‍ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്ക് മെഡല്‍ സ്വന്തമാക്കി.  തുടര്‍ന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷുകാരുടെ ഗ്ലാമര്‍ സ്വപ്‌നമായിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ആയിരുന്നു ലക്ഷ്യം.  1862 ആഗസ്റ്റ് 16 ന് മദ്രാസ് സിവില്‍ സര്‍വ്വീസില്‍ നിയമനം നേടി.  അതുവരെ ശുപാര്‍ശകളിലൂടെ മാത്രം നടന്നിരുന്ന നിയമനം ഒരു ഇംഗ്ലീഷ് കര്‍ഷക യുവാവ് അധ്വാനത്തിലൂടെ കരസ്ഥമാക്കി.  തുടര്‍ന്ന് മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് പ്രാദേശിക പരീക്ഷകള്‍ കൂടി പാസ്സായി.  പിന്നീട് ഒരു പ്രവിശ്യയുടെ സബ് കളക്ടറും, ജോയിന്റ് മജിസ്‌ട്രേറ്റുമായി. ആ കാലത്ത് അവിടത്തെ ജന്മി വ്യവസ്ഥയില്‍ അതൃപ്തരായ കര്‍ഷകര്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞു.  ഭരണ നേതൃത്വം ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആ യുവ കളക്ടറെ ചുമതലപ്പെടുത്തി.  സത്യസന്ധവും നീതിയുക്തവുമായ ഒരു റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്.  കര്‍ഷകന്റെ കഷ്ടപ്പാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജന്മിമാര്‍ക്ക് രസിച്ചില്ല.  അവരുടെ സ്വാധീനം മൂലം റിപ്പോര്‍ട്ട് തഴയപ്പെട്ടു.  1884 - സര്‍ക്കാര്‍ സര്‍ ടി മാധവറാവുവിനെ പ്രസിഡന്റാക്കി ഈ യുവ കളക്ടറേയും കമ്മിറ്റിയിലുള്‍പ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.  ആ റിപ്പോര്‍ട്ടും തഴയപ്പെട്ടു.  1886 ല്‍ വീണ്ടും കമ്മിറ്റി രൂപീകരിച്ചു.  ഇത്തവണ ആ കമ്മിറ്റിയില്‍ യുവ കളക്ടര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു.  ആ റിപ്പോര്‍ട്ടിനേയും ജന്മിമാര്‍ എതിര്‍ത്തു.  ആ നാട്ടുരാജ്യത്തിന്റെ പുഴകളേയും മലകളേയും മണ്ണിനേയും വെള്ളത്തേയും സ്‌നേഹിച്ച ആ യുവഭരണാധികാരി തന്റെ റിപ്പോര്‍ട്ടിലെ ഭാഗങ്ങളൊന്നും തിരുത്താന്‍ തയ്യാറായില്ല.  അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സ്വപ്‌ന പദവിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു.  എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ആഴത്തിലും പരപ്പിലും ഉള്ളതായിരുന്നു.  നിലവിലുള്ള സാമൂഹ്യഅവസ്ഥയുടേയും രാഷ്ട്രീയ നിലപാടുകളുടേയും പ്രകൃതിയുടേയും ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ജനജീവിതത്തിന്റെയും എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠനവും പരിഹാര നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.  ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അദ്ദേഹം താന്‍ ശേഖരിച്ച അറിവുകളെ പുസ്തകമായി ക്രോഡീകരിച്ചു.  അതിനദ്ദേഹം ആ നാട്ടുരാജ്യത്തിന്റെ പേര് നല്‍കി.  ആ പേര് ഇതായിരുന്നു - മലബാര്‍ !  പിന്നീട് ചരിത്രമായി മാറിയ മലബാര്‍ മാന്വവല്‍.  ആ യുവാവ് വില്യം ലോഗനും.  അന്ന് ആ ജോലിയില്‍ നിന്നും അദ്ദേഹം പിരിച്ചുവിടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ മലബാര്‍ മാന്വവല്‍ ഉണ്ടാകുമായിരുന്നില്ല.  അവഗണിക്കപ്പെടുന്നത് കഴിവുകേടുകൊണ്ടല്ല.  മറ്റൊന്നില്‍ പരിഗണിക്കപ്പെടേണ്ട കഴിവുള്ളതുകൊണ്ടാണ്.  - ശുഭദിനം 

0 comments:

Post a Comment