Part - 52

ആ   തവള ആദ്യമായാണ് തേരട്ടയെ കാണുന്നത്.  തേരട്ടയുടെ കാലുകളുടെ എണ്ണം കണ്ടപ്പോള്‍ തവളക്ക് അത്ഭുതമായി.  'ഞാന്‍ നാലു കാലുകള്‍ തന്നെ പലപ്പോഴും കഷ്ടപ്പെട്ടാണ് ഉപയോഗിക്കുന്നത്.  നീ എങ്ങിനെയാണ് ഇത്രയേറെ കാലുകള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കുന്നത് ? ഏതു കാലാണ് നീ ആദ്യം വെക്കുക? ' അപ്പോള്‍ മുതല്‍ തേരട്ടയും ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി.  ആദ്യം ഏതു കാല്‍, പിന്നെ ഏതു കാല്‍... ഇത് ശ്രദ്ധിച്ച് ശ്രദ്ധിച്ച് തേരട്ടക്ക് ഒരടി മുന്നോട്ട് വെക്കാന്‍ സാധിക്കാതായി.  വീണ്ടും തവളയെ കണ്ടപ്പോള്‍ തേരട്ട പറഞ്ഞു: ' ദയവു ചെയ്ത് ഈ ചോദ്യം നീയിനി ഒരു അട്ടയോടും ചോദിക്കരുത്.  ഒന്നും ആലോചിക്കാതെ സ്വസ്ഥമായി ഞാന്‍ നടന്നിരുന്നതാണ്.  ഇപ്പോള്‍ ഒരടിപോലും എനിക്ക് മുന്നോട്ട് വെയ്ക്കാന്‍ സാധിക്കുന്നില്ല.  നീയെന്റെ ജീവിതമാണ് നശിപ്പിച്ചത്... '  സ്വതന്ത്രവും സ്വാഭാവികവുമായ ചലനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം. നമ്മുടെ സമ്പത്തും അതു തന്നെയാണ്.  എല്ലാ കാര്യത്തിന്റെയും ഉള്ളറിഞ്ഞും ഉദ്ദേശമറിഞ്ഞും പ്രതികരിക്കേണ്ട ആവശ്യമില്ല.  തനതു ശൈലിയില്‍ ഒരു നിബന്ധനകളുമില്ലാതെ അവ കടന്നു പോകട്ടെ.  ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും സ്വാംശീകരിച്ച സഹജഭാവങ്ങളെ അവയുടെ നൈസര്‍ഗികതയില്‍ വളരാന്‍ അനുവദിക്കുമ്പോഴാണ് ഓരോരുത്തരും തങ്ങളുടെതായെ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നത്.  അനാവശ്യമായ ചിന്താകുഴപ്പങ്ങള്‍ കുത്തിവെയ്ക്കുക എന്നതാണ് ഒരാളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എളുപ്പമാര്‍ഗ്ഗം.  ജീവിതവഴിയില്‍ കാണുന്ന എല്ലാവര്‍ക്കും കാതോര്‍ത്തിരുന്നാല്‍ മുന്നോട്ടും പിന്നോട്ടും എന്തിന് നടക്കാനുള്ള ശേഷിപോലും നമുക്ക് നഷ്ടപ്പെടും.  അതിനാല്‍ നാം ആവശ്യമുള്ളവയെക്കുറിച്ച് മാത്രം ആലോചിക്കുക, മറ്റെല്ലാം അവഗണിക്കാാന്‍ ശീലിക്കുക - ശുഭദിനം  

0 comments:

Post a Comment