Part - 53

ജോര്‍ജ് ബിറോ, ലാസ്‌ലോ ബിറോ- ഇരുവരും സഹോദരങ്ങളാണ്.  സ്വദേശം ഹംഗറി.  ഒരാള്‍ രസതന്ത്രജ്ഞന്‍.  മറ്റേയാള്‍ പത്രപ്രവര്‍ത്തകന്‍.  എഴുതുക എന്നത് രണ്ടുപേര്‍ക്കും ഒഴിച്ചുകൂടാനാകാത്ത കാര്യം.  പെട്ടന്ന് ഒടിഞ്ഞുപോകുന്ന നിബ്ബുകളുള്ള നിലവാരമില്ലാത്ത ഫൗണ്ടന്‍ പേനകളുടെ കാലം.  ഇരുവര്‍ക്കും അതൊരു തലവേദനയായിരുന്നു. ഇതിനൊരു പരിഹാരം വേണം.  ഇരുവരും ആലോചിച്ചു.  പരീക്ഷണങ്ങളും തുടങ്ങി.  പക്ഷേ, രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു.  ഹിറ്റലര്‍ ഹംഗറിയിലേക്ക്.  ബിറോ സഹോദരന്മാര്‍ അര്‍ജന്റീനയില്‍ അഭയം തേടി.  പേന നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു.  നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പേനയ്ക്ക് രൂപം നല്‍കി. വായുവിന്റെ മര്‍ദ്ദം കൊണ്ട് കുഴലിലൂടെ മഷി പുറത്തേക്ക് വരുന്നതായിരുന്നു സംവിധാനം.  പക്ഷേ, എഴുതാത്തപ്പോഴും മഷി പുറത്തേക്ക് വന്നുകൊണ്ടേയിരുന്നു.  അതിനു പരിഹാരമായി അറ്റത്ത് ഒരു ബോള്‍ സജ്ജീകരിച്ചു.  ആദ്യത്തെ ബോള്‍പോയിന്റ് പെന്‍ അവിടെ പിറന്നു. പക്ഷെ, അതിനുശേഷം പേനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ ബിറോ സഹോദരന്മാര്‍ ശ്രദ്ധ ചെലുത്തിയില്ല.  മാത്രമല്ല, 1943 ല്‍ നിര്‍മ്മാണാവകാശം ഇംഗ്ലീഷുകാരായ ഹെന്‍ട്രി മാര്‍ട്ടിനും, ഫെഡറിക് മൈല്‍സിനും കൈമാറി.  ബ്രിട്ടീഷ് വ്യോമസേനയ്ക്ക് ഇരുവരും പേനകള്‍ നിര്‍മ്മിച്ചുനല്‍കി.  പേനകളുടെ പ്രചാരം വര്‍ദ്ധിച്ചു.  ഇതേസമയം അമേരിക്കയില്‍ ജോണ്‍ ലൗഡ് എന്നൊരാള്‍ ബോള്‍ പോയിന്റ് പേനകളുടെ നിര്‍മ്മാണത്തില്‍ ഗേവഷണം നടത്തിയിരുന്നു.  ഈ സമയത്താണ് അമേരിക്കന്‍ ബിസിനസ്സുകാരനായ മില്‍ട്ടണ്‍ റെയ്‌നോള്‍സിന്റെ കൈവശം ബിറോ സഹോദരന്മാര്‍ നിര്‍മ്മിച്ച ഒരു പേന എത്തിച്ചേരുന്നത്.  കൗതുകം തോന്നിയ അദ്ദേഹം ബിറോ സഹോദരന്മാരുടെ പേനയും ജോണ്‍ ലൗഡിന്റെ പേനയും ചേര്‍ത്ത് പുതിയൊരു പേന നിര്‍മ്മിച്ചു വിപണിയില്‍ ഇറക്കി. ലോകം ആ പേനയെ റെയ്‌നോള്‍സ് എന്ന് വിളിച്ചു.  ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു.  പറഞ്ഞുപഴകിയ ഒരു മൊഴി ഓര്‍ക്കാം.  എറിയാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുക്കണം എന്നത്.  അപൂര്‍ണ്ണതകളില്‍ വിജയം കൂടെയുണ്ടാകില്ല.  പൂര്‍ണ്ണതയില്‍ മാത്രമാണ് വിജയം.  അപൂര്‍ണ്ണതകളെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഉള്ള ശ്രമമാകട്ടെ ഓരോ ദിനവും - ശുഭദിനം

0 comments:

Post a Comment