Part - 55

10 വയസ്സുകാരന്‍ ജോണിക്ക് വരും ദിവസങ്ങളില്‍ സ്‌കൂളില്‍ സൈക്കിളോട്ടമത്സരമാണ്.  അവനതില്‍ പങ്കെടുക്കുന്ന വിവരം പിതാവായ ജോണ്‍ ബോയിഡിനെ അറിയിച്ചു.  സ്‌കോട്ട്‌ലാന്റിലെ ബല്‍ഫാസ്റ്റ് എന്ന ഗ്രാമത്തിലെ മൃഗഡോക്ടറാണ് അദ്ദേഹം.  കാലം 1887.  അക്കാലത്ത് മുച്ചക്രസൈക്കിളുകളാണ് ഉണ്ടായിരുന്നത്.  'ഞാനെന്റെ പരമാവധി ശക്തി ഉപയോഗിച്ചാലും ചരലിലും മണ്ണിലും കൂടി സൈക്കിള്‍ മുന്നേറുക പ്രയാസമാണ്' . ജോണി പിതാവിനെ അറിയിച്ചു.  മകനെ എങ്ങനെ സഹായിക്കാം എന്നായി പിന്നീട് ജോണിന്റെ ചിന്ത.  പൂന്തോട്ടം നനയ്ക്കുന്നതിനിടയില്‍ ഒരു റബ്ബര്‍ കുഴല്‍ ജോണിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം അത് മുറിച്ച് 3 കഷ്ണമാക്കി വട്ടത്തില്‍ ചേര്‍ത്തൊട്ടിച്ച് സൈക്കിള്‍ വീലുകളില്‍ കെട്ടിവെച്ചു.  എന്നിട്ട് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കാറ്റ് നിറച്ചു.  ആദ്യത്തെ സൈക്കിള്‍ ട്യൂബ് അവിടെ പിറന്നു.  മത്സരത്തില്‍ ജോണി വിജയിച്ചു.  ആളുകള്‍ ട്യൂബിന് വേണ്ടി ജോണിനെ സമീപിച്ചു.  ക്രമേണ മറ്റൊന്നിനും സമയമില്ലാത്ത വണ്ണം ജോണ്‍ തിരക്കിലായി.  ഒരിക്കല്‍ ജോണിയുടെ സൈക്കിള്‍ സവാരി ഒരു വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു.  ആരാണ് ഈ ട്യൂബ് ഉണ്ടാക്കി തന്നെതെന്ന് കുട്ടിയോട് ചോദിച്ചപ്പോള്‍ തന്റെ പിതാവാണെന്ന് ജോണി മറുപടി നല്‍കി.  അയാള്‍ ജോണ്‍ ബോയിഡിനെ തേടി വീട്ടില്‍ എത്തി. കണ്ടുപിടുത്തത്തെ അഭിനന്ദിച്ചു.  കണ്ടുപിടുത്തത്തിന്റെ പേറ്റന്റിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കി.   അങ്ങനെ ജോണ്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തു.  തന്റെ മുഴുവന്‍ പേരിലായിരുന്നു ആ രജിസ്‌ട്രേഷന്‍.  ആ പേര് ഇങ്ങനെ ആയിരുന്നു.  ജോണ്‍ ബോയിഡ് ഡണ്‍ലപ്.  കാറ്റ് നിറച്ച റബ്ബര്‍ ബാന്റ്, ടയര്‍ ട്യൂബിന് അദ്ദേഹം നല്‍കിയ നിര്‍വ്വചനം ഇതായിരുന്നു.  തുടര്‍ന്ന് ഒരു അയര്‍ലന്റ് കമ്പനി ഡണ്‍ലപ് ടയര്‍ ട്യൂബുകളുടെ നിര്‍മ്മാണം ഏറ്റെടുത്തു.  50-ാമത്തെ വയസ്സില്‍ ഡണ്‍ലപ് മറ്റൊരു കാര്യം കൂടി ചെയ്തു. താന്‍ കണ്ടുപിടിച്ച ടയര്‍ട്യൂബിന്റെ ഗുണം അറിയാന്‍ വേണ്ടി സൈക്കിള്‍ സവാരി പഠിച്ചു.  ഡണ്‍ലപ് ടയര്‍ട്യൂബ് പിന്നീട് ഗതാഗതരംഗത്തെ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നു.  നമ്മളെല്ലാവരുടേയും ഓര്‍മ്മകളില്‍ ഇടയ്‌ക്കെങ്കിലും ഡണ്‍ലപ് കടന്നുവരാറുണ്ട്.  എന്നാല്‍ ഇതൊരു വലിയ സംഭവമാകും എന്ന് മുന്‍കൂട്ടികണ്ട് യാതൊരു ലാഭേച്ഛയില്ലാതെ പേറ്റന്റിന് നിര്‍ദ്ദേശിച്ച അജ്ഞാതനെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമോ?  ഒരു വാക്കും പാഴ്‌വാക്കല്ല.   എല്ലാ വാക്കുകളും കേള്‍ക്കുക. സാധ്യമായത് സ്വീകരിക്കുക.  - ശുഭദിനം   

0 comments:

Post a Comment