Part - 56

1865 - ഇംഗ്ലണ്ടിലെ, കെന്റ് എന്ന ഗ്രാമം - നിരത്തിലൂടെ അതുവരെ ആരും കാണാത്ത ഒരു യന്ത്രവണ്ടി ഉരുണ്ട് വരുന്നു.  കൃഷിക്കാരും നാട്ടുകാരും ഭയന്നോടി.  തോമസ് ഏവ്‌ലിംഗ് എന്ന എഞ്ചിനീയറുടെ കണ്ടുപിടുത്തം ആയിരുന്നു ആ വണ്ടി.  എഞ്ചിനീയര്‍ ആണെങ്കിലും കൃഷിയില്‍ ആയിരുന്നു അദ്ദേഹത്തിന് താല്‍പര്യം.  കൃഷിപണി എളുപ്പമാക്കാന്‍ പലവിധ യന്ത്രങ്ങള്‍ ഉണ്ടാക്കാം എന്നൊരു ആശയം അദ്ദേഹം മുന്നോട്ട് വെച്ചെങ്കിലും, കൃഷിക്കാര്‍ അതിനെ എതിര്‍ത്തു.  തുടര്‍ന്ന് എന്ത് ചെയ്യും എന്നായി ആലോചന.  അക്കാലത്തു നിരത്തുനിര്‍മ്മാണം വളരെ ശ്രമകരവും ഉറപ്പ് കുറഞ്ഞതും ആയിരുന്നു.  അതിനൊരു പരിഹാരമായി അദ്ദേഹം കണ്ടെത്തിയതാണ് റോഡ് റോളര്‍.  എന്നാല്‍ ജനം അദ്ദേഹത്തിന് എതിരായി.  റോഡ് മുഴുവന്‍ കുണ്ടും കുഴിയും ആവും എന്നായിരുന്നു ജനത്തിന്റെ പരാതി.  എന്നാല്‍ തോമസ് പിന്നോട്ട് തിരിഞ്ഞു നോക്കിയില്ല.  ഈ സമയത്ത് റോഡ് റോളര്‍ കണ്ട് ഒരു കുതിര വിരണ്ടോടി.  അതോടെ തോമസിനെതിരെ കേസ്സായി.  അതിനെ തുടര്‍ന്ന് റോഡ് റോളറിനു മുന്നില്‍ ഒരാള്‍ ചുവന്നകൊടി പിടിച്ച് ഓടണം എന്ന നിയമം വന്നു.  തോമസ് ആ കടമ്പയും കടന്നു.  പക്ഷെ  ജനം വെറുതെ ഇരുന്നില്ല.  അവര്‍ റോഡ് പണി നടക്കുന്നിടത്ത് ചെന്ന് 'ഭൂതവണ്ടിയെ' കല്ലെറിഞ്ഞു.  പക്ഷെ തോമസ് ഇത്തവണയും തോല്‍ക്കാന്‍ തയ്യാറായില്ല.  മാത്രമല്ല ജനങ്ങള്‍ എറിഞ്ഞ കല്ലുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് മണ്ണില്‍ ഉറപ്പിച്ചു അവര്‍ക്ക് തന്നെ കാണിച്ച് കൊടുക്കുകയും ചെയ്തു.  അമേരിക്കയും ചൈനയും ഇന്ത്യയും ഈ യന്ത്രം ഉപയോഗിച്ചു തുടങ്ങി.  അതിനു ശേഷം സ്വന്തം നാടായ ബ്രിട്ടനും റോഡ് റോളറിനെ അംഗീകരിച്ചു.  വിജയത്തിന് ഒരു ഷോട്ട്കട്ടുകളും ഇല്ല.  ക്ഷമയോടെ കാത്തിരുന്ന് കാലത്തിനു മുന്നില്‍ തെളിയിച്ചുകൊടുക്കുക. നമ്മെ അംഗീകരിക്കുന്ന ഒരു ദിവസം വന്നെത്തുക തന്നെ ചെയ്യും  - ശുഭദിനം 

0 comments:

Post a Comment