കാലം, കലണ്ടര്‍ - ചലിക്കുന്ന ഒന്നിന്റെ നിശ്ചലമായ സൂചിക; ഒരു പേജ് മറിഞ്ഞാല്‍ കാലം മാറുന്നു. കാലം പുതുതാകുന്നു. അപ്പോള്‍ ചിലതെല്ലാം, അല്ലെങ്കില്‍ അതുവരെയുള്ളതെല്ലാം പഴയതാകുന്നു! കഥപോലെ ചിലതുണ്ട്. അങ്ങനെ പഴയതായതും എന്നാല്‍ കാലത്തെ പാകപ്പെടുത്തി പുതുക്കുന്നതുമായ ചിലത്. അതിലേക്ക്.
ജൂലൈ 28 - സമയം 2.59 pm. എനിക്ക് കരച്ചില്‍ നിര്‍ത്താനാവുന്നില്ല. ഞാന്‍ ഇന്നു രാത്രി കൊല്ലപ്പെട്ടേക്കും.
ആഗസ്റ്റ് 25 - സമയം 3.31 pm മനുഷ്യത്വം തിരികെ എത്തുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തുക. ഞാന്‍ ഒരിക്കലും ഉണരില്ലെന്നു കരുതുന്നു.
വികാരതീവ്രമായ ഈ വരികള്‍ 29 വയസ്സുള്ള ഫറ ബക്കര്‍ എന്ന പാലസ്തീന്‍ പെണ്‍കുട്ടിയുടേതാണ്. ഗാസയില്‍ ഇസ്രയേല്‍ പോരോട്ടം ശക്തമായപ്പോള്‍ മരണമുഖത്തു നിന്നുകൊണ്ട് ഫറ ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ച യുദ്ധത്തിന്റെ നേര്‍ചിത്രങ്ങളില്‍ ചിലതുമാത്രമാണിത്. കാലം ഈ വരികളെ പിന്നീട് ചരിത്രരേഖകളാക്കി മാറ്റിവെച്ചു. ഫറയ്ക്ക് പുതിയൊരു വിളിപ്പേരും ലഭിച്ചു. ഗാസയുടെ ആന്‍ഫ്രാങ്ക്. ഇനി ശരിക്കുള്ള ആന്‍ഫ്രാങ്കിലേക്ക് - ഹിറ്റ്‌ലറുടെ ജര്‍മ്മിനിയില്‍ ജനിച്ച്, ഹംഗറിയില്‍ കുടിയേറി പേടിയോടെ ഒളിത്താവളത്തില്‍ ജീവിച്ച 14 വയസ്സുകാരി പെണ്‍കുട്ടി. പിന്നീട് ഹിറ്റ്‌ലറുടെ ക്യാപുകളില്‍ തടവുകാരിയായി, രോഗബാധിതയായി മരണമടഞ്ഞവള്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെയും ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ ജൂതവിദ്വേഷത്തിന്റെയും ദുരിതങ്ങള്‍ ഒളിയിടത്തിലിരുന്ന് കടലാസ്സില്‍ പകര്‍ത്തി ലോകത്തിനായി മാറ്റിവെച്ചവള്‍. ആന്‍ഫ്രാങ്ക് ഒരെഴുത്തുകാരി ആകാനാണ് കൊതിച്ചിരുന്നത്. തന്റെ പ്രിയ സുഹൃത്ത് കിറ്റിയുടെ പേരാണ് ആന്‍ തന്റെ ഡയറിക്ക് സമ്മാനിച്ചത്. കിറ്റിയോട് സംസാരിക്കുംപോലെ ആയിരുന്നു ആ ഡയറിക്കുറിപ്പുകള്‍. അതിലെ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. 'നോക്കൂ കിറ്റീ, വീപ്പയില്‍ ഒളിച്ചുവെച്ച ഒരു വര്‍ഷം പഴക്കമുള്ള കാബേജ് നുറുക്കി അത്താഴം ഉണ്ടാക്കി. അതിന്റെ ദുര്‍ഗന്ധം നിനക്ക് ഊഹിക്കാമല്ലോ... യുദ്ധത്തിന്റെ നാലാം വര്‍ഷവും ഒളിവില്‍ കഴിയുക ചെറിയ കാര്യമല്ല. ഇതൊന്നു അവസാനിച്ചെങ്കില്‍ എന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്ന് നിന്റെ സ്വന്തം ആന്‍.' ബൈബിള്‍ കഴിഞ്ഞാല്‍ കഥേതര വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം ആയിരുന്നു ആനിന്റെ ഡയറിക്കുറിപ്പുകള്‍. ഡയറികള്‍ മാറുന്ന കാലമാണ്. എഴുതിയവ എവിടെയോ സൂക്ഷിക്കപ്പെടുന്നു. പുതിയത് എഴുതിക്കൊണ്ടേയിരിക്കുന്നു. ഓര്‍ക്കുക, ഓരോ വരിയും ചരിത്രമാണ്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. - നമുക്ക് നമ്മുടെ ഡയറിതാളുകളിലൂടെ ഇടയ്‌ക്കൊക്കെ പിന്നോട്ട് നടക്കാം, കാരണം, മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജ്ജം ആ യാത്ര നമുക്ക് നല്‍കും


0 comments:
Post a Comment