Part - 75

തനിക്ക് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പുതിയൊരിടം വേണം.  അക്കാലത്ത് അതൊരു ശ്രമകരമായ കാര്യമാണ്.  വിഷയം കേട്ടറിഞ്ഞ് ഒരാളെത്തി.  അദ്ദേഹം തന്റെ വീടിന്റെ രണ്ടാം നില വാടകയൊന്നും കൂടാതെ തന്നെ നല്‍കുവാന്‍ തീരുമാനിച്ചു. മൈക്കിള്‍ ഗോമസ് അതായിരുന്നു വീട്ടുടമസ്ഥന്റെ പേര്.  ആ വാഗ്ദാനം നന്ദിയോടെ സ്വീകരിക്കപ്പെട്ടു.  എന്നാല്‍ സാമൂഹ്യസഹായസന്നദ്ധപ്ര ത്തനങ്ങള്‍ നടത്തുവാന്‍ പിന്നെയും ധാരാളം പേര്‍ എത്തിച്ചേര്‍ന്നു.  പുതുതായി എത്തിയവരേയും എത്തിക്കൊണ്ടിരുന്നവരേയും ആ കുഞ്ഞ് വീട്ടിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.  ക്രമേണ അതൊരു മുപ്പതംഗസംഘമായി മാറി.  മൈക്കിള്‍ ഗോമസ് തന്റെ വീട് പൂര്‍ണ്ണമായും അവര്‍ക്കായി വിട്ടുകൊടുത്തു.  മാത്രമല്ല,  സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായി.   അവിടെയുണ്ടായിരുന്ന മുപ്പതംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിലും അവരെ നയിച്ചിരുന്ന ആള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മൈക്കിള്‍ ഗോമസ് ഉണ്ടായിരുന്നു.  ക്രമേണ മൈക്കിള്‍ ഗോമസ് ആ സംഘടനയുടെ താങ്ങും തണലുമായി.  അവര്‍ക്ക് കീഴില്‍ ധാരാളം സ്‌കൂളുകള്‍ വന്നു. അതിന്റെ ചുമതല, നിരാശ്രയരായവരെ കണ്ടെത്തി സംരക്ഷണം നല്‍കുക, തെരുവിലെ കുട്ടികളെ പുനരധിവസിപ്പിക്കുക. .... അങ്ങനെ നിരവധി ചുമതലകളും അദ്ദേഹത്തില്‍ നിക്ഷിപ്തമായി.  സംഘടനയുടെ സേവനങ്ങള്‍ പലസ്ഥലത്തേക്കും വ്യാപിച്ചു.  കാലം ആ സംഘടനയുടെ പേര് മനസ്സില്‍ കൊത്തിവെച്ചു. ആ സംഘടനയെ നയിച്ചവ്യക്തിയെ ലോകം ഒരുപാടിഷ്ടത്തോടെ നെഞ്ചിലേറ്റി.  അതായിരുന്നു മദര്‍ തേരേസയും മിഷനറീസ് ഓഫ് ചാരിറ്റിയും.  മദര്‍ തേരേസ എന്ന വലിയ ജ്വാലയെ ആളിപ്പടര്‍ത്തിയ ഒരു ചെറിയ കൈത്തിരിയായിരുന്നു മൈക്കിള്‍ ഗോമസ്.  ഓര്‍ക്കുക, ഒരു ചെറിയ നാളത്തിന് വലിയൊരു ജ്വാലയെ സൃഷ്ടിക്കാനാകും. നമ്മിലെ ചെറുനാളത്തെ കെടാതെ കാത്തുസൂക്ഷിക്കാന്‍ നമുക്കാകട്ടെ.

0 comments:

Post a Comment