Part -76

ഭാര്യയും ഭര്‍ത്താവും ഒരു പുഴയിലൂടെ ചെറുവള്ളത്തില്‍ സഞ്ചരിക്കുകയാണ്.  പെട്ടെന്ന് കാറ്റ് വീശാന്‍ തുടങ്ങി.  വലിയ ഓളമുണ്ടായി വഞ്ചി മറിയുന്ന സ്ഥിതിയായി.  ഭാര്യ പേടിച്ച് ഭര്‍ത്താവിനോട് പറഞ്ഞു.  നമ്മള്‍ അക്കരയെത്തില്ല. വഞ്ചി മറിയും. ഇനിയെന്തു ചെയ്യും?  ഇതുകേട്ട് ഭര്‍ത്താവ് ശാന്തനായി തന്നെ ഇരുന്നു.  ഇത് കണ്ട് ഭാര്യ ചോദിച്ചു: പേടി തോന്നുന്നില്ലേ... ഭര്‍ത്താവ് ഉടന്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ വെച്ചു.  ഭാര്യയോട് അയാള്‍ ചോദിച്ചു : നിനക്ക് പേടിയില്ലേ?  അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ഭാര്യ പറഞ്ഞു: ഞാന്‍ എന്തിനാണു പേടിക്കുന്നത്.  കത്തി അങ്ങയുടെ കയ്യിലല്ലേ, അങ്ങ് എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ഈ വഞ്ചിയും ഇതുപോലെ ഈശ്വരന്റെ കയ്യിലാണ്.  അദ്ദേഹം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കും ഉറപ്പുണ്ട്.  ഈശ്വരന്‍ എന്തു ചെയ്താലും നന്മയേ ചെയ്യൂ.. നമുക്ക് നല്ലത് പ്രതീക്ഷിക്കാം.  അയാള്‍ പറഞ്ഞുതുപോലെ കാറ്റിന്റെ വേഗം കുറഞ്ഞു.  അവര്‍ സുരക്ഷിതരായി അക്കരയെത്തുകയും ചെയ്തു.  നിയന്ത്രണാതീതമായ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നതില്‍ അര്‍ഥമില്ല. പ്രതിസന്ധികളുടെ ആഴത്തേക്കാള്‍ അവയോടുള്ള സമീപനത്തിലെ അപാകതയാണ് സാഹചര്യങ്ങൾ കൂടുതല്‍ വഷളാക്കുന്നത്. നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങളേക്കാള്‍ അപകടകരം, നിയന്ത്രിക്കാനാകാത്ത മനസ്സാണ്.  ഒന്നു ശാന്തമായാല്‍ പരിഹാരമുണ്ടാകുന്ന പല പ്രശ്‌നങ്ങളുമുണ്ട്.  ഒന്ന് ശ്രദ്ധിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്.  ഓരോന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ കഴിയുന്ന മനസ്സിന്റെ പക്വതയാണ് പ്രധാനം.  നമ്മെ തേടിവരുന്ന ഓരോ പ്രശ്‌നങ്ങളിലും മനസ്സിന്റെ ഈ പാകത കാത്തുസൂക്ഷിക്കാന്‍ നമുക്കാകട്ടെ.

0 comments:

Post a Comment