Part - 74

എഞ്ചിനീയറാകാനായാണ് അയാള്‍ പഠിച്ചത്.  പഠനം കഴിഞ്ഞപ്പോള്‍ ജോലിയും കിട്ടി.  പക്ഷെ, വളരെ ചെറുപ്പത്തില്‍ പിടിപെട്ട മലമ്പനി അവശേഷിപ്പിച്ച അനാരോഗ്യം ജോണ്‍ എന്ന ആ ചെറുപ്പക്കാരനെ പിന്നോട്ട് നയിച്ചു.  ജോണ്‍ ലോഗി ബയേര്‍ഡ് അതായിരുന്നു അയാളുടെ മുഴുവന്‍ പേര്.  രോഗിയായി വീട്ടിലൊതുങ്ങിക്കൂടാനായിരുന്നു ജോണിന്റെ വിധി.  പക്ഷേ, ആ വിധിയെ തിരുത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.  അവശനായി വീട്ടില്‍ കഴിയവേ, വീട്ടിലുണ്ടായിരുന്ന കുറെ ആക്രിസാധങ്ങള്‍ കൊണ്ട് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഒരു തേയിലപ്പെട്ടി, ബിസ്‌കറ്റ് ടിന്‍, വയര്‍ലസ് ട്രാന്‍സ്മിറ്റര്‍ അങ്ങനെ കുറെ സാധനങ്ങള്‍.  തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ പരീക്ഷണം. അവ്യക്തമായ ചില ചിത്രങ്ങള്‍ ആ തേയിലപ്പെട്ടിയില്‍ തെളിഞ്ഞു.  ആ അത്ഭുതകാഴ്ച നാട്ടുകാരുടെ മുന്നില്‍ കാണിച്ച് കിട്ടിയ കാശുകൊണ്ട് കുറച്ച് ഉപകരണങ്ങള്‍ കൂടി വാങ്ങി.  അങ്ങനെ ഒരു മുയല്‍ പാവയുടെ തല അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി.  എന്നിട്ട് ദൂരെയുള്ള ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.  ആദ്യത്തെ ടെലിവിഷന്‍ രൂപം.  1925 ഒക്ടോബര്‍ 2 ആയിരുന്നു ആ ദിവസം.  പിന്നീട് ചായ കൊണ്ടുവരുന്ന പയ്യനായ വില്യം ടെയ്ന്റനെ പിടിച്ചിരുത്തി ഷൂട്ട് ചെയ്ത് അതും ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു.  വില്യം അങ്ങനെ ആദ്യത്തെ മിനിസ്‌ക്രീന്‍ താരമായി.  ശാസ്ത്രലോകം ജോണിന്റെ കണ്ടുപിടുത്തത്തെ അംഗീകരിച്ചു.  പിന്നെ സമ്പന്നതയുടെ നാളുകളായിരുന്നു.  തുടര്‍ന്ന് കളര്‍ ടെലിവിഷനും അദ്ദേഹം തന്നെ കണ്ടുപിടിച്ചു.  അസുഖബാധിതനായി ഒരു നിത്യരോഗിയായി ഒതുങ്ങിക്കൂടാന്‍ തയ്യാറാകാതിരുന്ന അദ്ദേഹത്തിന്റെ മനസ്സ് നമുക്ക് എക്കാലവും മാതൃകയാണ്.  കാരണം മനസ്സില്‍ ആരോഗ്യം സൂക്ഷിക്കുന്നവര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ജീവിതലക്ഷ്യങ്ങള്‍ക്ക് ഒരിക്കലും തടസ്സമാകുകയേ ഇല്ല.  ആരോഗ്യപൂര്‍ണ്ണമായ മനസ്സിനുടമകളായി മാറട്ടെ നാമോരോരുത്തരും.

0 comments:

Post a Comment