Part - 60

പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം.  അല്ലെങ്കില്‍ ഇങ്ങനെ ചുറ്റിക്കറങ്ങി നടക്കേണ്ടിവരും.  ഒരു തലമുറമുഴുവന്‍ കേട്ട പഴിവാക്കുകളാണിത്.  വിദ്യാഭ്യാസത്തിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്ന ഒരു പ്രസ്താവന ആയിരുന്നു അത്.  എന്നാല്‍ പിന്നീട് ഈയൊരു വര്‍ത്തമാനകാലത്തിലേക്കെത്തുമ്പോള്‍ വിദ്യാസമ്പന്നരായവരെ മാത്രം നമ്മള്‍ കണ്ടുമുട്ടുന്നു.  ഇനിയൊരു കഥപറയട്ടെ, ഫ്രഞ്ച്കാരനായ പാപ്പിന്റെ കഥ.  പെന്റുലും ക്ലോക്ക് കണ്ടുപിടിച്ച ഡച്ച് ശാസ്ത്രജ്ഞനായിരുന്ന ക്രിസ്ത്യന്‍ ഹൈഗന്‍സിന്റെ സഹായിയായിട്ടായിരുന്നു പാപ്പിന്റെ തുടക്കം.  പിന്നീട് മറ്റൊരു ശാസ്ത്രജ്ഞനായ ബോയിലിന്റെ കൂടെയായി. നിരീഷണപരീക്ഷണങ്ങള്‍ക്കിടയില്‍ പാപ്പിന്‍ കട്ടിയുള്ള ഒരു ലോഹത്തകിടുകൊണ്ട് ഒരു പാത്രവും അടപ്പും നിര്‍മ്മിച്ചു.  എന്നിട്ട് തന്റെ സഹോദരിയോട് അതില്‍ ഭക്ഷണം പാകം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ആദ്യമായി അതില്‍ സൂപ്പ് ഉണ്ടാക്കാനായി മാംസം വേവിക്കാനായിരുന്നു തീരുമാനം.  നീണ്ട സമയം എടുക്കുമായിരുന്ന ആ പ്രക്രിയ വെറും അരമണിക്കൂറില്‍ പൂര്‍ത്തിയായി.  മാംസത്തിനോടൊപ്പമുള്ള എല്ലിനുപോലും നല്ല മാര്‍ദ്ദവം.  ആ അത്ഭുതവിദ്യയുടെ പിന്നിലെ തത്വം വളരെ ചെറുതായിരുന്നു.  അടപ്പ് മുറിക്കിയടച്ചതോടെ നീരാവി ഒട്ടും പുറത്ത് പോകാതെ , വലിയ താപനിലയില്‍ ഭക്ഷണം പെട്ടെന്ന് തന്നെ വെന്തു.  അങ്ങനെ ആദ്യത്ത പ്രഷര്‍കുക്കര്‍ പിറന്നു!  നീരാവിയുടെ അതിസമ്മര്‍ദ്ദം മൂലം ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാന്‍ സേഫ്റ്റിവാല്‍വും പാപ്പിന്‍ കണ്ടുപിടിച്ചു.  1680ലായിരുന്നു ഈ പാത്രത്തിന്റെ പിറവി !!!  അന്നതിന് 'അസ്ഥിദഹനയന്ത്രം' എന്നായിരുന്നു വിളിപ്പേര്.   എന്തായാലും യന്ത്രം പ്രചാരം നേടി.  പാപ്പിന്‍ അതിനൊപ്പമൊന്നും നിന്നില്ല.  അദ്ദേഹം നീരാവിയുടെ ശക്തി തിരിച്ചറിഞ്ഞ ലഹരിയില്‍ പുതിയ ഗവേഷണങ്ങളിലേക്ക് തിരിഞ്ഞു.  ഒരു ആവി എന്‍ജിനായിരുന്നു ലക്ഷ്യം.  അങ്ങനെയൊന്ന് രൂപപ്പെടുത്തി പഴയൊരു ബോട്ടില്‍ ഉറപ്പിച്ച് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു.  കടലില്‍ വെച്ച് മറ്റ് തോണിക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാപ്പിന്റെ യന്ത്രം തകര്‍ക്കപ്പെട്ടു. പിന്നീട് പാപ്പിന് എന്തു സംഭവിച്ചുവെന്ന് ചരിത്രത്തിലെവിടെയും ഇല്ല ..  എന്നാല്‍, പാപ്പിന്‍ തുടങ്ങിവെച്ച നീരാവി യന്ത്രങ്ങള്‍ പിന്നീട് ലോകത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചു.  ഇനി പാപ്പിന്റെ ജീവിതത്തിലെ ഒരു ട്വിസ്റ്റ്.  വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം ഇത്തരം പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞത്.  അതും ഉന്നതവിദ്യാഭ്യാസ രംഗത്തു നിന്നും,  തന്റെ 'കിറുക്കന്‍ ആശയങ്ങള്‍ക്ക് ' പിറകെ ഇറങ്ങിത്തിരിക്കുമ്പോള്‍ പാപ്പിന്‍ ഉപേക്ഷിച്ചത് തന്റെ വൈദ്യശാസ്ത്രവിദ്യാഭ്യാസമായിരുന്നു!!  എന്ത് പഠിക്കണം ? ആരാകണം ?  തീരുമാനിക്കപ്പെടേണ്ടത് എവിടെയാണ്.?  താല്‍പര്യങ്ങള്‍ക്കനുസരിച്ച് പഠിക്കുവാനും, പഠിപ്പിക്കുവാനും നമുക്കാകട്ടെ - ശുഭദിനം.

0 comments:

Post a Comment