Part - 61

ഒന്നിനും കൊള്ളാത്ത അറപ്പുളവാക്കുന്ന ഒന്നായിരുന്നു അക്കാലത്ത് റബ്ബര്‍.  ഈ വസ്തുവിനെ എങ്ങനെയെങ്കിലും മനുഷ്യന് ഉപകാരപ്രദമാക്കി മാറ്റുക എന്നതായിരുന്നു ചാള്‍സ് ഗുഡ്ഇയര്‍ എന്ന മനുഷ്യന്റെ ജീവിതലക്ഷ്യം തന്നെ.  വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഈ പരീക്ഷണങ്ങള്‍ മൂലം, 'റബ്ബര്‍ ഭ്രാന്തന്‍ ' എന്ന് അയാള്‍ അറിയപ്പെട്ടു.  കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ അയാള്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി വിനിയോഗിച്ചു.  തൊട്ടാല്‍ കയ്യില്‍ ഒട്ടിപ്പിടിക്കുന്ന, ഉരുകി പോകുന്ന ദുര്‍ഗന്ധമുള്ള റബ്ബര്‍.  അതൊരിക്കലും ഗുഡ്ഇയറിന്റെ വരുതിക്ക് വന്നതേയില്ല.  ഒരു ഉഷ്ണക്കാലം.  ഗുഡ്ഇയറിന്റെ കയ്യിലുണ്ടായിരുന്ന റബ്ബര്‍ മുഴുവനും ചൂട്, താങ്ങാനാകാതെ ഉരുകിയൊലിച്ചുപോയി.  അയാള്‍ ഭാരിച്ച കടക്കാരനായി.  കടം വീട്ടാനാകാതെ ഗുഡ്ഇയര്‍ ജയിലിലായി.  ജയില്‍ സൂപ്രണ്ടിന്റെ അനുവാദപ്രകാരം  തന്റെ പരീക്ഷണങ്ങള്‍ ജയിലില്‍ തുടരാന്‍ ഗുഡ്ഇയറിന് കഴിഞ്ഞു.  കാലം കടന്നുപോയി.  അദ്ദേഹം ജയില്‍മോചിതനായി.  ഒറ്റമുറി വീട്ടില്‍ അദ്ദേഹവും ഭാര്യയും കഴിഞ്ഞുപോന്നു.  ആ വീടിന്റെ അടുക്കള തന്നെയായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണശാല.  പരീക്ഷണങ്ങള്‍ക്ക് പണമില്ലാതായപ്പോള്‍ അടുക്കള പാത്രങ്ങള്‍ എടുത്തു വിറ്റ് പണം കണ്ടെത്താന്‍ ഗുഡ്ഇയര്‍ ശ്രമിച്ചു.  ദാരിദ്രം വല്ലാതെ പിടിച്ചുലച്ചപ്പോള്‍ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ ഭാര്യ ഉഗ്രശാസനം നല്‍കി. പക്ഷേ, ഭാര്യ പുറത്ത് പോകുന്ന തക്കം നോക്കി ഗുഡ്ഇയര്‍ തന്റെ പരീക്ഷണം തുടര്‍ന്നു.  ഒരു ദിവസം അപ്രതീക്ഷിതമായി എത്തിയ ഭാര്യയെ ഭയന്ന് ഗുഡ്ഇയര്‍ കയ്യിലുണ്ടായിരുന്ന റബ്ബറും ഗന്ധകവും അടുപ്പിലേക്ക് വാരിയെറിഞ്ഞു.  ഭാര്യ മടങ്ങിപ്പോയപ്പോള്‍ റബ്ബറിന്റെ അവശിഷ്ടം തേടിയെത്തിയ ഗുഡ്ഇയറിനെ കാത്ത് ഒരത്ഭുതം ഉണ്ടായിരുന്നു.  ഗുഡ്ഇയര്‍ തേടി നടന്ന മൂല്യവത്തായ റബ്ബര്‍ ആ അടുപ്പില്‍ രൂപപ്പെട്ടിരുന്നു!! ഒരു ബന്ധുവിന്റെ സാമ്പത്തിക സഹായത്തോടെ അയാള്‍ റബ്ബര്‍ ഉത്പന്ന നിര്‍മ്മാണം തുടങ്ങി.  1844 ല്‍ പേറ്റെന്റും നേടി.  അവകാശവാദവുമായി പലരും വന്നു.  വീണ്ടും നിയമയുദ്ധം.  ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഫാക്ടറി സ്ഥാപിക്കാന്‍ ഗുഡ്ഇയറിന് അനുവാദം ലഭിച്ചില്ല.  മറ്റൊരാളുടെ സഹായത്തോടെ ഫ്രാന്‍സില്‍ ആരംഭിച്ച കമ്പനി പൂട്ടേണ്ടി വന്നു.  ഗുഡ്ഇയര്‍ വീണ്ടും ജയിലിലായി.  ഇതിനിടെ സാങ്കേതിക വിദ്യ പലരും ചോര്‍ത്തി.  പുതിയ ഉത്പന്നങ്ങള്‍ വിപണി കീഴടക്കി.  അവര്‍ സമ്പന്നരായി.  ഗുഡ്ഇയറാകട്ടെ ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി.  അവസാനം 1860 ജൂലൈയില്‍  അദ്ദേഹം യാത്രയായി.   ഈ ലോകത്തിന് ഏറ്റവും ഗുണകരമായ ഒരു കണ്ടുപിടുത്തം നല്‍കിയായിരുന്നു അദ്ദേഹം യാത്രയായത്.  അത് തിരിച്ചറിഞ്ഞ നെപ്പോളിയന്‍ ചക്രവര്‍ത്തി, ഫ്രാന്‍സിലെ ഏറ്റവും വലിയ ദേശീയ ബഹുമതി  മരണാനന്തരം ഗുഡ്ഇയറിന് നല്‍കി.  അമേരിക്കയിലെ ഇന്നത്തെ ഏറ്റവും വലിയ റബ്ബര്‍ കമ്പനിയുടെ പേര് കൂടി അറിയുക.  ഗുഡ്ഇയര്‍!!  ഇന്ന് 2020 എന്ന വര്‍ഷത്തില്‍ ഇരുന്ന് ഗുഡ്ഇയറിനെ നാം ഓര്‍ക്കുന്നത് അദ്ദേഹം ചാര്‍ത്തിയ കയ്യൊപ്പ് ഒന്നുകൊണ്ടുതന്നെയാണ്.  കാലമെത്ര കഴിഞ്ഞാലും , ലക്ഷ്യം ശുദ്ധവും സത്യവുമാണെങ്കില്‍ നാം അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. 

0 comments:

Post a Comment