Part - 63

 1924 ജൂണ്‍ 8 . കേംബ്രിഡ്ജ് പ്രൊഫസര്‍ ജോര്‍ജ് ലെയ് മല്ലോറിയും അദ്ദേഹത്തിന്റെ സഹായി സാന്റി ഇര്‍വിന്‍ എന്നിവര്‍ എവറസ്റ്റിന്റെ ഉച്ചിയിലേക്ക് അടുത്തുകൊണ്ടിരിക്കുകാണ്.  ഇരുവരും 28000 അടി ഉയരത്തില്‍.  ദൂരെ ദൂരെ ഒരിടത്തു നിന്ന്, രണ്ടു പൊട്ടുപോലെ ആ കാഴ്ച, ഭൗമശാസ്ത്രജ്ഞനായ നോയല്‍ ഒഡല്‍ കാണുന്നു.  പെട്ടെന്നൊരു മേഘം വന്ന് ഒഡലിന്റെ കാഴ്ച മറച്ചു.  പിന്നീടാരും മല്ലോറിയേയും ഇര്‍വിനേയും ജീവനോടെ കണ്ടിട്ടില്ല.  ഒഡേല്‍ അവസാനമായി ഇരുവരേയും കാണുമ്പോള്‍ എവറസ്റ്റിന്റെ മുകളില്‍ 'രണ്ടാം ചുവട് ' എന്ന് വിളിക്കുന്ന സ്ഥലത്തായിരുന്നു അവര്‍. 'രണ്ടാം ചുവടില്‍' മല്ലോറിയും കൂട്ടുകാരനും അടിതെറ്റി വീണുമരിച്ചു എന്ന് ലോകം കരുതുന്നു.  പിൽകാലത്ത് ഒരു ചൈനീസ് സംഘം ഇതുവഴിയിലൂടെ സഞ്ചരിച്ച് 'രണ്ടാം ചുവട് ' കടന്ന് എവറസ്റ്റ് കീഴടക്കി.  അങ്ങനെയെങ്കില്‍ മല്ലോറിയും എവറസ്റ്റ് കീഴടക്കിയിട്ടുണ്ടാകില്ലേ!  കയറുമ്പോഴായിരുന്നോ ഇറങ്ങുമ്പോഴായിരുന്നോ മരണം.  ഇര്‍വിന്റെ ശരീരം കിടന്നിടത്തു നിന്നും 750 അടി മുകളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മഴു കണ്ടെത്തിയിരുന്നു.  മല്ലോറി വീണത് ഇറങ്ങുമ്പോഴായിരുന്നോ കയറുമ്പോഴായിരുന്നോ എന്ന് ഇതുവരെയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.  കഴിഞ്ഞിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായിപ്പോയേനെ.  കാരണം ടെന്‍സിങ്ങ് ഹിലാരി എവറസറ്റ് കീഴടക്കുന്നതിനും മൂന്ന് പതിറ്റാണ്ട് മുമ്പായിരുന്നു ഈ സംഭവം!!  മറഞ്ഞു കിടക്കുന്ന അനേകം സത്യങ്ങള്‍  വെളിച്ചത്തേക്ക് വരുമ്പോള്‍ അതുവരെയുള്ള ചരിത്രം വഴിമാറുന്നു.  അതുവരെയുള്ള വിശ്വാസങ്ങളും പ്രവൃത്തികളും തെറ്റായി മാറുന്നു.  കാലം ശരികളെ ഒരിക്കല്‍ പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും.  ശരിക്കുവേണ്ടി  നമുക്കും കാത്തിരിക്കാം.

0 comments:

Post a Comment