Part - 64

അമേരിക്കയിലെ ബോസ്റ്റണ്‍.  അതായിരുന്നു ഏലിയാസ് ഹോവിന്റെ ജന്മസ്ഥലം.  ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.  അതായിരുന്നു ലക്ഷ്യം.  ആ സ്വപ്‌നം മനസ്സില്‍ സൂക്ഷിച്ച് ചെയ്തിരുന്ന വര്‍ക് ഷോപ്പ് ജോലിയിലെ ശ്രദ്ധ നഷ്ടപ്പെട്ടു. ജോലിയും നഷ്ടമായി.  ഒരിക്കല്‍ ഒരു നെയ്ത്തുകാരന്‍ വസ്ത്രം തുന്നുന്നത് കണ്ടു.  ഊടും പാവും ഇഴചേരുന്നത് കണ്ട് ഹോവ് അതൊരു യന്ത്രമാക്കി മാറ്റാന്‍ തീരുമാനിച്ചു. സമ്പാദ്യമെല്ലാം വിറ്റ് പരീക്ഷണം തുടങ്ങി.  പകുതിയായപ്പോള്‍ പണമെല്ലാം തീര്‍ന്നു.  സഹായിക്കാന്‍ ഒരു സുഹൃത്ത് എത്തി.  അങ്ങനെ യന്ത്രം പൂര്‍ത്തിയാക്കി. നഗരത്തിലെ മികച്ച 5 തുന്നല്‍ക്കാരെ മത്സരത്തിന് ക്ഷണിച്ചു.  അവര്‍ കൈകൊണ്ട് തുന്നി.  ഹോവ് മെഷീനിലും.  ഹോവ് വിജയിച്ചു.  മെഷീന്‍ ജനശ്രദ്ധയാകര്‍ഷിച്ചു.  യന്ത്രത്തിന്റെ ചിലവ് അധികമായിരുന്നു.  300 ഡോളര്‍ കൊടുത്ത് ആരും അത് വാങ്ങാന്‍ തയ്യാറായില്ല.  നിരാശനായ ഹോവ് ശ്രമം നിര്‍ത്തിവെച്ചു.  അദ്ദേഹത്തിന്റെ സഹോദരന്‍ ഈ യന്ത്രം ഇംഗ്ലണ്ടിലേക്ക് എത്തിച്ചു.  ഇംഗ്ലണ്ടിലും ചിലവായില്ല.  തിരിച്ചുവരാന്‍ കയ്യില്‍ പണവുമില്ല.  തന്ത്രശാലിയായ തോമസ് എന്നൊരാള്‍ യന്ത്രത്തിന്റെ നിര്‍മ്മാണാവകാശം തുച്ഛമായ തുകയ്ക്ക് എഴുതി വാങ്ങി യന്ത്രം സ്വന്തമാക്കി.  പിന്നീട് തോമസ് യന്ത്രം പരിഷ്‌കരിക്കാന്‍ ഹോവിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചു.  ഒരു അടിമയെപ്പോലെ ഹോവിനെ പണിയെടുപ്പിച്ചു.  മനസ്സുമടുത്ത ഹോവ് അമേരിക്കയിലേക്ക് മടങ്ങി.  അവിടെയെത്തിയ ഹോവ് കേട്ട വാര്‍ത്ത ഇതായിരുന്നു.  ഇംഗ്ലണ്ടില്‍ തയ്യല്‍ യന്ത്രം കണ്ടുപിടക്കപ്പെട്ടിരിക്കുന്നു.  യന്ത്രം വന്‍ പ്രചാരം നേടി.  ഹോവ് നിരാശനായി.  കേസ് നടത്താനുള്ള പണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.  ആ സമയത്ത് മുന്‍പ് മത്സരത്തില്‍ ജഡ്ജായി വന്ന മിസ്റ്റര്‍ ബ്ലാസ്, ഹോവിനു വേണ്ടി കോടതിയില്‍ സാക്ഷിപറഞ്ഞു.  കോടതി അത് അംഗീകരിച്ചു.  തോമസ് വില്‍ക്കുന്ന ഓരോ യന്ത്രത്തിന്റെയും റോയലിറ്റി ഹോവിന് നല്‍കാന്‍ വിധിയായി.  ഹോവ് ധനികനായി.  എന്നാല്‍ കിട്ടുന്നപണമത്രയും ഹോവ് പൊതുജനങ്ങള്‍ക്കായി വിനിയോഗിച്ചുകൊണ്ടിരുന്നു.  ഒടുവില്‍ കൂടുതല്‍ പണം തനിക്കാവശ്യമില്ലെന്ന് പറഞ്ഞ് റോയൽറ്റി വേണ്ടെന്ന് വെച്ചു. കൊടിയ കഷ്ടകാലത്തിന് ശേഷം ചെറിയൊരു കാലം സമൃദ്ധിയില്‍ കഴിഞ്ഞ ഏലിയാസ് ഹോവ് 48-ാം വയസ്സില്‍ അന്തരിച്ചു.  ചെറിയ കാലത്തിനുള്ളില്‍ ഹോവ് പറഞ്ഞുവെച്ചത്, കാട്ടിതന്നത് രണ്ട് വലിയ കാര്യങ്ങളായിരുന്നു.  സത്യം ജയിക്കുക തന്നെ ചെയ്യും.  ജീവിക്കാന്‍ ആവശ്യത്തിനു മതി.  കാരണം സന്തോഷവും സംതൃപ്തിയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാനദണ്ഡം.  എല്ലാത്തിലുമുപരി നാം തേടേണ്ടതും നേടേണ്ടതും അതു തന്നെയല്ലേ. സന്തോഷവും സംതൃപ്തിയുമാകട്ടെ നമ്മുടേയും ജീവിതമാനദണ്ഡം.

0 comments:

Post a Comment