Part - 65

മൂന്ന് പേര്‍ സംഭാഷണത്തിലാണ്.  ആദ്യത്തെ ആള്‍ ചോദിച്ചു.  സ്വപ്‌നത്തില്‍ ഒരുകോടി രൂപ ലഭിച്ചാല്‍ ഞാന്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങും.  നിങ്ങളോ? രണ്ടാമന്‍ പറഞ്ഞു.  പിന്നെ ഞാന്‍ വീട്ടില്‍ വെറുതെ ഇരുന്നു ഇനിയുള്ള കാലം വിശ്രമിക്കും.  അപ്പോള്‍ മൂന്നാമന്‍ പറഞ്ഞു ഞാന്‍ വീണ്ടും കിടന്നുറങ്ങും.  ഒരു സ്വപ്‌നം കണ്ടാല്‍ ഒരു കോടി രൂപ കിട്ടുമെങ്കില്‍ വീണ്ടുമൊരു സ്വപ്‌നം കൂടി കണ്ടാല്‍ രണ്ടു കോടിയാകുമല്ലോ !  പലരും ഇങ്ങനെയാണ്.  ഭാവനകളെ താലോലിച്ചാണ് ഭൂരിഭാഗം പേരും സംതൃപ്തി കണ്ടെത്തുന്നത്.  ഭാവനകള്‍ക്ക് പണചിലവോ, പരിധിയോ ഇല്ലല്ലോ.. നമ്മുടെയെല്ലാം ഭാവനയില്‍ ഇതുപോലെ എത്രയെത്ര സ്വപ്‌നങ്ങള്‍ ഉറങ്ങുന്നുണ്ടാകും.  സ്വപ്‌നം കാണുന്നതു തെറ്റല്ല. കണ്ട സ്വപ്‌നങ്ങളെ അവിടെ തന്നെ കിടത്തി ഉറക്കുന്നതാണ് തെറ്റ്.  കണ്ട സ്വപ്‌നങ്ങളും പങ്കുവെച്ച സ്വപ്‌നങ്ങളും കഴിവിന്റെയോ മികവിന്റെയോ അടയാളമല്ല.  പൂര്‍ത്തീകരിക്കപ്പെട്ട സ്വപ്‌നങ്ങള്‍ മാത്രമാണ് ആര്‍ജ്ജവവും ആവേശവും നല്‍കുന്നത്.  വലിയ സ്വപ്‌നങ്ങളെക്കുറിച്ച് പറഞ്ഞു നടക്കുന്ന പലരും ചെറിയ കാര്യങ്ങള്‍പോലും ചെയ്തു തീര്‍ക്കാറുണ്ടോ? കണ്ട സ്വപ്‌നങ്ങളുടെ എണ്ണത്തിലല്ല കാര്യം.  തുടങ്ങി വെച്ചതോ, പൂര്‍ത്തീകരിച്ചതോ ആയ സ്വപ്‌നങ്ങള്‍ മാത്രമാണ് കാഴ്ചപാടിന്റൈയും കര്‍മോത്സുകതയുടേയും അടയാളമായി മാറുകയുള്ളൂ.  നടക്കാതെ പോകുന്ന കാര്യങ്ങളെ മനസ്സിലിട്ടു തോലോലിക്കാനുള്ള മാര്‍ഗ്ഗമായി മാറരുത് നമ്മുടെ സ്വപ്‌നങ്ങള്‍.  മറിച്ച് , നടത്തിയെടുക്കേണ്ട കാര്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പണിശാലകളായി മാറട്ടെ നമ്മുടെ ഓരോ സ്വപ്‌നാടനവും. 

0 comments:

Post a Comment