Part - 70

1932-33 ആഷസ് പരമ്പര.  ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം.  ക്രിക്കറ്റ് ഇതിഹാസം സര്‍.ഡോണ്‍ ബ്രാഡ്മാന്‍ പിച്ചില്‍ നിറഞ്ഞുനിന്ന കാലം.  അദ്ദേഹത്തെ ഏത് വിധേനയും പിടിച്ചുകെട്ടുക എന്നതായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ലക്ഷ്യം. ക്യാപ്റ്റന്‍ ഡഗ്ലസ് ജാര്‍ഡൈന്‍ അതുവരെയുള്ള ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായം എഴുതിച്ചേര്‍ത്തു.  അതായിരുന്നു ബോഡി ലൈന്‍ തന്ത്രം.  ബാറ്റ്‌സ്മാന്റെ സ്റ്റംമ്പിനു നേരെ ബൗള്‍ ചെയ്യുന്നതിന് പകരം, പിച്ചില്‍ കുത്തി ബാറ്റ്‌സ്മാന്റെ ശരീരത്തിനു നേരെ അതിവേഗം പന്ത് തിരിച്ചുവിടുന്ന തന്ത്രം.  ശരീരത്തിന് നേരെ പാഞ്ഞടുക്കുന്ന ബോളില്‍ നിന്ന് രക്ഷനേടാന്‍ ബാറ്റ്‌സ്മാന്‍ ഡിഫെന്‍ഡ്‌ ചെയ്യേണ്ടി വരുന്നു.  ഈ സമയത്ത് ബാറ്റില്‍ കൊണ്ട് ബോള്‍ ഉയര്‍ന്നുപൊങ്ങി ഫീല്‍ഡറുടെ കൈകളിലെത്തും. ഇതിനായി ഷോട്ട്‌ലെഗ്ഗില്‍ 5 ഫീല്‍ഡര്‍മാരേയും , ഡീപ്പില്‍ 2 ഫീല്‍ഡര്‍മാരേയും നിര്‍ത്തിയിരുന്നു.  ബോഡി ലൈന്‍ പരീക്ഷണത്തെ തുടര്‍ന്ന് പലതാരങ്ങള്‍ക്കും പരിക്കേറ്റു.  ഗുരുതരമായ പരിക്കുകള്‍ കാണികള്‍ പ്രതിഷേധിക്കുന്നതിലേക്കെത്തിച്ചു.  എന്നാല്‍ ഇത് ലെഗ് തിയറിയാണെന്ന് ഇംഗ്‌ളണ്ട് വാദിച്ചു.  സഹികെട്ട് ഓസ്‌ട്രേലിയ സ്‌പോര്‍ട്മാന്‍ഷിപ്പിന് നിരക്കാത്ത ക്രിക്കറ്റാണ് ഇംഗ്ലീഷുകാര്‍ കളിക്കുന്നതെന്ന് സന്ദേശമയച്ചു.  ആ പദപ്രയോഗം പിന്‍വലിച്ചില്ലെങ്കില്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുമെന്ന് ഇംഗ്ലണ്ട് വാശിപിടിച്ചു.  സംഭവം കളിക്കളത്തിന് പുറത്തേക്ക് വ്യാപിച്ചു.  സൗത്ത് ഓസ്‌ട്രേലിയന്‍ ഗവര്‍ണന്‍ അലക്‌സാണ്ടര്‍ റൂത്ത്‌വെന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ഹെന്‍ട്രി തോമസിനെ ഗൗരവമറിയിച്ചു.  ബോഡീലൈന്‍ തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തെ ബാധിച്ചേക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ഒടുവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചു.  അങ്ങനെ കളി കാര്യമായി.  അതിന് രാഷ്ട്രീയ മാനങ്ങള്‍ വന്നു.  അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചു.  ഒടുവില്‍ ഓസ്‌ട്രേലിയ, സ്‌പോട്‌സ്മാന്‍ഷിപ്പിന് നിരക്കാത്ത എന്ന പ്രയോഗം പിന്‍വലിച്ചു.  1935 ല്‍ ക്രിക്കറ്റ് നിയമം മാറ്റിയെഴുതി. ഉപദ്രവകരമായി പന്തെറിഞ്ഞാല്‍ അമ്പെയര്‍മാര്‍ക്ക് ഇടപെടാന്‍ സ്വാതന്ത്ര്യം വന്നു.  ഫീല്‍ഡര്‍മാരുടെ പൊസിഷനുകള്‍ നിശ്ചയിക്കപ്പെട്ടു.  പുതിയ കളി നിയമങ്ങള്‍ വന്നു.  ഇത്രയും കലുഷിതമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ വളരെ ശാന്തമായി സമാന്തരമായി മറ്റൊന്നു സംഭവിക്കുന്നുണ്ടായിരുന്നു.  ആരെ പിടിച്ചുകെട്ടുവാനാണോ ഈ കള്ളക്കളി പുറത്തെടുത്തത്, ആ വ്യക്തി ക്രിക്കറ്റിന്റെ രാജാവ് സര്‍.ഡോണ്‍ ബ്രാഡ്മാന്‍ ഇതൊന്നുമേശാതെ ആ പന്തുള്‍പ്പെടെ എല്ലാത്തിനേയും അടിച്ചുതെറിപ്പിച്ച് നിലംപരിശാക്കിക്കൊണ്ടിരുന്നു.  പരമ്പരയില്‍ 139 റണ്‍സ് ശരാശരിയോടെ ബ്രാഡ്മാന്‍ 974 റണ്‍സ് എന്ന മികച്ച റെക്കോര്‍ഡ് സ്വന്തമാക്കി. അന്തര്‍ലീനമായികിടക്കുന്ന പ്രതിഭ, അത് അഗ്നിയാണ്.  ഏത് കൊടുങ്കാറ്റിലും ഏത് പേമാരിയിലും ഉലയാതെയും അണയാതെയും ആളിപ്പടര്‍ന്നുകൊണ്ടേയിരിക്കും.

0 comments:

Post a Comment