Part - 71

താരവും ആരാധകരും - ഒരു നൂലിലെ രണ്ടു മുത്തുകള്‍.  സിനിമയുടെ ലോകത്തും കായിക ലോകത്തും വിജയിച്ചവരെ ആരാധനയോടെ കാണുന്നവര്‍ ഏറെയുണ്ട്. ചിലപ്പോഴത് വെറും ആരാധന മാത്രം.  മറ്റ് ചിലപ്പോള്‍ മാതൃക രൂപങ്ങള്‍.  എന്ത് തന്നെയായാലും പരസ്പരം കരുത്ത് പകരുന്നവരാണ് ഇരുകൂട്ടരും.  ഗുന്ദര്‍ പോര്‍ഷെ. അയാളും ഒരു ആരാധകനായിരുന്നു.  കായികരംഗത്ത് കത്തി ജ്വലിച്ചുനിന്ന ഒരു താരത്തിന്റെ..   കളിമികവും സൗന്ദര്യവും ഒരുപോലെ ചര്‍ച്ചചെയ്യപ്പെടുന്ന ടെന്നീസ് കോര്‍ട്ടിലെ എക്കാലത്തേയും ഇതിഹാസതാരമായിരുന്ന മോണിക്ക സെലസ്.  1991 ലും 1992 ലും ലോക ഒന്നാം നമ്പര്‍കാരിയായിരുന്നു സെലസ്.  സെര്‍ബിയയില്‍ ജനിച്ച് യുഗസ്ലോവാക്യയ്ക്ക് വേണ്ടിയും പിന്നീട് യു എസ് നു വേണ്ടിയും കളിച്ച മിടുക്കി.  മാതൃരാജ്യത്തിന് വേണ്ടി അവര്‍ 8 ഗ്രാൻഡ്‌സ്ലാം കീരീടങ്ങളും അമേരിക്കയ്ക്ക് വേണ്ടി ഒന്നും അവര്‍ സ്വന്തമാക്കി.  1993 ഏപ്രില്‍ 30.  പതിവുപോലെ മോണിക്ക ജര്‍മ്മനിയിലെ ഹാംബര്‍ഗിലെ കളിമണ്‍ കോര്‍ട്ടില്‍ ബള്‍ഗേറിയന്‍ താരം മാഗി മല്ലിവയ്‌ക്കെതിരെ മത്സരിക്കുന്നു.  ഓരോ സെര്‍വിന് ശേഷവും കളിക്കളത്തില്‍ താളം കണ്ടെത്തുമ്പോള്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിരുന്ന സെലസ്.  നേരിയ സ്വര്‍ണ്ണമാലയും ലളിതമായ അലങ്കാരങ്ങളുമുള്ള സെലസ്.  അക്കാലം ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യം മുഴുവന്‍ ആവാഹിക്കപ്പെട്ടത് സെലസിലായിരുന്നു !   സെറ്റുകള്‍ സ്വന്തമാക്കിക്കൊണ്ട് സെലസ് മുന്നോട്ട്.  തന്റെ പ്രിയ താരത്തിന്റെ കളികാണാന്‍ ഗുന്ദര്‍ പോര്‍ഷെ നേരത്തെ തന്നെ എത്തിയിരുന്നു.  കളിക്കിടയില്‍ ഗുന്ദര്‍പോര്‍ഷെ ആള്‍ക്കൂട്ടത്തിനിടയിലൂടെ സെലസിനടുത്തെത്തി.  കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സെലസിനെ ആഞ്ഞ് കുത്തി.  ആരാധനയുടെ വിഭ്രമകരമായ ഒരു തലം.  ഗുരുതരമായ പരിക്കേറ്റ സെലസ് പിന്നീട് ചികിത്സയും വിശ്രമവുമായി കോര്‍ട്ടില്‍ നിന്നും മടങ്ങി.  1995 ല്‍ തിരിച്ചെത്തി.  പക്ഷേ, വേണ്ടത്ര തിളങ്ങാനായില്ല.  1996 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി.  2000 ത്തിലെ ഒളിംപിക്‌സില്‍ വെങ്കലം നേടി.  2008 ല്‍ കളിക്കളത്തോട് വിടപറഞ്ഞു വിശ്രമജീവിത്തിലേക്ക് മടങ്ങി.  ആ മടങ്ങി വരവിന് ഒന്നേയുള്ളൂ പേര്.  ആത്മവിശ്വാസം.  ഏത് പ്രതിസന്ധിയിലും ഞാന്‍ തിരിച്ച് വരുമെന്ന് സ്വന്തം മനസ്സിന് നല്‍കുന്ന വിശ്വാസം.  ആ വിശ്വാസം നമ്മെയും നയിക്കട്ടെ.

0 comments:

Post a Comment