Part - 72

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം, അതിന്റെ വളര്‍ച്ച, വികാസം. ഇതിനൊക്കെയൊപ്പം ചേര്‍ത്തുവായിച്ച പേരുകള്‍ അനവധിയാണ്.  ആ ധീരവിപ്ലവ നേതാക്കളെല്ലാം തന്നെ ഇന്നും ആശയങ്ങളിലൂടെ ജീവിക്കുന്നു.  പല പേരുകളും തുടര്‍ തലമുറകളെ ആവേശം കൊള്ളിക്കുകയും ചെയ്തു.  കാള്‍ മാര്‍ക്‌സ്, കമ്മ്യൂണിസത്തിന്റെ ആചാര്യന്‍.  എഴുത്തും വായനയും ചിന്തയും.  മണിക്കൂറുകളോളം ഇടതടവില്ലാത്ത പ്രവര്‍ത്തനമായിരുന്നു കാള്‍മാര്‍ക്‌സിന്റേത്.  കാള്‍മാര്‍ക്‌സിന്റെ ജീവിതത്തിലെ വലിയൊരു ഭാഗവും എഴുത്തിനായി നീക്കിവെക്കപ്പെട്ടു.  1867 സെപ്റ്റംബര്‍ 14 കാള്‍മാക്‌സിന്റെ ജീവിതത്തിലെ ഏറ്റവു പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു .  'മൂലധനം അഥവാ ദാസ് കാപ്പിറ്റല്‍ ' എന്ന മഹാഗ്രന്ഥം പ്രസിദ്ധീകരിച്ച ദിവസം.  മാര്‍സിന്റെ വര്‍ഷങ്ങള്‍ നീണ്ട ചിന്തയുടേയും ഗവേഷണത്തിന്റെയും ഫലം.  ഇത്രയൊക്കെയും ഒരു പക്ഷേ നമ്മള്‍ പഠിച്ചും വായിച്ചും അറിഞ്ഞ കാര്യങ്ങള്‍.  എന്നാല്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു പേരുണ്ട്.  എലനര്‍. മുഴവന്‍ പേര് എലനര്‍ മാര്‍ക്‌സ്.  എലനര്‍, മാര്‍ക്‌സിന്റെ ഇളയപുത്രിയായിരുന്നു.  പിതാവിന്റെ എഴുത്തുപുരയിലെ മികച്ച സഹായിയായിരുന്നു എലനര്‍.  പ്രായത്തില്‍ കവിഞ്ഞ പക്വതയും ബുദ്ധിയുമുള്ള എലനര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് പരന്ന വായനയും ആശയങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കഴിവും നേടിയെടുത്തു.  16 വയസ്സായപ്പോഴേക്കും, പിതാവിന്റെ ചിന്തകളിലെ നേരിയ അര്‍ഥതലങ്ങള്‍ പോലും മനസ്സിലാക്കിയെടുക്കുന്നതില്‍ എലനര്‍ മിടുക്കു കാട്ടി.  മൂലധനത്തിന്റെ രചനയിലും സഹായിയായി നിന്നത് എലനര്‍ ആയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ എലനര്‍ക്ക് പകര്‍ന്ന് നല്‍കിയത് മാര്‍ക്‌സ് തന്നെയായിരുന്നു.   പിന്നീട് ഈ പുത്രിയെകുറിച്ച് മാര്‍ക്‌സ് ഇങ്ങനെ പറഞ്ഞു. 'എന്റെ മൂത്ത മകള്‍ പലകാര്യങ്ങളിലും എന്നെപ്പോലെയാണ്, പക്ഷേ ഇളയമകള്‍ എലനര്‍ എന്നെപ്പോലെയെന്നല്ല, ഞാന്‍ തന്നെയാണെന്നാണ് പറയേണ്ടത് '.  ആശയങ്ങള്‍ അഗ്നിയാകുന്നത് തുടര്‍ച്ചകളിലൂടെയാണ്.  അറിവ് കൈമാറ്റപ്പെടാനുളളതാണ്.  നമ്മുടെ ഓരോ അറിവുകളും മറ്റുളളവരിലേക്ക് പകരുക.  അതിലൂടെ അവര്‍ക്ക് പഠിക്കാനും നമുക്ക് കൂടുതല്‍ തെളിയാനും അവസരമാകുന്നു

0 comments:

Post a Comment