Part - 73

ഒരു സ്വര്‍ണ്ണപണിക്കാരനായിരുന്നു അദ്ദേഹം.  അതുകൊണ്ടു തന്നെ ലോഹങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ അവബോധം ഉണ്ടായിരുന്നു.  അതുപോലെ നിറയെ നിറമുള്ള ആശയങ്ങളും ആ മനസ്സില്‍ ഉണ്ടായിരുന്നു.  ജര്‍മ്മന്‍കാരനായ ജൊഹാന്‍ ഗുട്ടര്‍ ബര്‍ഗ് അതായിരുന്നു അദ്ദേഹത്തിന്റെ പേര്.  മെയിന്‍സ് എന്ന ചെറുപട്ടണത്തില്‍ സ്വര്‍ണ്ണവും ഇരുമ്പും ഉലയൂതി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു അദ്ദേഹം.  അക്കാലത്താണ് അക്ഷരങ്ങള്‍ എന്ന അത്ഭുതത്തെക്കുറിച്ച് ജൊഹാന്‍ ചിന്തിച്ചത്. പ്രത്യേകമായ അച്ചുകള്‍ അതിനായി അദ്ദേഹം തയ്യാറാക്കി.  ലോഹങ്ങളെക്കുറിച്ചുള്ള അറിവ് അതിന് സഹായകമായി.  ഒരിക്കലുപയോഗിച്ച അച്ചുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പോന്നതരത്തില്‍ രൂപപ്പെടുത്തി. ജൊഹാന്‍ തയ്യാറാക്കിയ അച്ചുകളില്‍ ആദ്യം ജനിച്ചത് ബൈബിളായിരുന്നു.  1455ൽ ആയിരുന്നു ആ ജനനം.  തുടര്‍ന്ന് ഒരു കലണ്ടറും അദ്ദേഹം അച്ചടിച്ചു.  ജര്‍മ്മനിയില്‍ നിന്നും അച്ചടി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു.  ജൊഹാന്‍ കണ്ടെത്തിയ അടിസ്ഥാന തത്വങ്ങളില്‍ നിന്നും അച്ചടി അതിവേഗം വളര്‍ന്ന് വികസിച്ചു. ജൊഹാന്റെ കാര്യമാകട്ടെ, കേസും കൂട്ടവുമായി.  അനേകം പേര്‍ അതിനുമുമ്പേ അച്ചടികണ്ടെത്തിയിരുന്നു എന്ന അവകാശവാദവുമായി രംഗത്തെത്തി.  അവയെല്ലാം കോടതി വ്യവഹാരങ്ങളിലുമെത്തി.  ജോഹാനാകട്ടെ ഒന്നും സ്ഥാപിച്ചെടുക്കാനുള്ള രേഖകള്‍ സൂക്ഷിച്ചതുമില്ല.  പിന്നീടെപ്പോഴോ ജൊഹാന്‍ ഗുട്ടന്‍ബര്‍ഗ് വിസ്മൃതിയിലായി.  അദ്ദേഹത്തിന്റെ മരണം പോലും ഏത് വര്‍ഷമെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല.  കാലം പിന്നെയും മുന്നോട്ട് യാത്രയായി.  ഒടുവില്‍ ആ കാലം വന്നു.  ലോകം ആ സത്യം തിരിച്ചറിഞ്ഞു. ജൊഹാന്‍ ഗുട്ടന്‍ ബര്‍ഗായിരുന്നു അച്ചടിയന്ത്രം കണ്ടുപിടിച്ച ആദ്യത്തെ വ്യക്തി !!  അതുകൊണ്ടുതന്നെ ലോകം അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു.  ജൊഹാന്‍ ഗുട്ടര്‍ ബര്‍ഗ് - 'അച്ചടിയുടെ പിതാവ്' - എന്ന്.  സത്യങ്ങള്‍ അങ്ങിനെയാണ്, ചിലപ്പോഴെല്ലാം കരിപുരണ്ട് കിടക്കും.  എന്നാല്‍ ഒരിക്കല്‍ ഊതിക്കാച്ചി തെളിച്ച പൊന്നുപോലെ അത് തിളങ്ങും.  ആ തിളക്കത്തിന് ക്ഷമയോടെ കാത്തിരിക്കുക.

0 comments:

Post a Comment