Part - 77

1824. ഇംഗ്ലണ്ടിലെ പോര്‍ട്‌സ് മൗത്തിലെ ലാന്റ്‌പോര്‍ട്ട്.  ജോണ്‍ ഡിക്കന്‍സിന്റെയും  എലിസബത്തിന്റെയും 8 മക്കളില്‍ രണ്ടാമനായിരുന്നു ചാള്‍സ്.  ഇംഗ്ലണ്ടിലെ നേവി ഓഫീസിലെ ക്ലര്‍ക്കായിരുന്നു ജോണ്‍.  തന്റെ തുച്ഛമായ വരുമാനത്തില്‍ ആ വീടു കൊണ്ടുപോകാന്‍ ജോണ്‍ കഷ്ടപ്പെട്ടു.  കടങ്ങള്‍ തലയ്ക്ക് മീതെയായി.   ഒരു ദിവസം സ്‌കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ അമ്മ കരഞ്ഞുതളര്‍ന്ന് ഇരിക്കുന്നു.  അച്ഛനെ കാണാനുമില്ല.  പതിയെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി.  കടബാധ്യതമൂലം അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.  പഠിച്ചു മിടുക്കനായി ഉയര്‍ന്ന ജീവിതം നയിക്കണമെന്ന അവന്റെ സ്വപ്‌നം അവിടെ അവസാനിച്ചു.  സ്‌കൂള്‍ ഫീസ് കൊടുക്കാനില്ലാതായപ്പോള്‍ സ്‌കൂളില്‍ നിന്നും അവനെ പുറത്താക്കി.  അന്നന്നത്തെ ആഹാരത്തിനു പോലും വകയില്ലാതായി.  പട്ടിണി സഹിക്കാതായപ്പോള്‍ തന്റെ 12-ാം വയസ്സില്‍ ആ കുടുംബത്തിന്റെ ഭാരം അവന്‍ തലയിലേറ്റി.  ഒരു കുട്ടിക്ക് കിട്ടാവുന്ന ജോലികളെല്ലാം അവന്‍ ചെയ്തു.  ഷൂ പോളീഷ് ചെയ്തു, ചുമടെടുത്തു, ഹോട്ടലില്‍ നിന്നു, കിട്ടുന്ന ഓരോ നാണയത്തുട്ടും അവന്‍ അമ്മയെ ഏല്‍പ്പിച്ചു.  പഠിക്കാനുള്ള മോഹം അവന്‍ മനസ്സില്‍ കെടാതെ സൂക്ഷിച്ചു.  കണ്‍മുന്നില്‍ കിട്ടുന്നതെല്ലാം അവന്‍ വായിച്ചു.  അവനിലെ എഴുത്തുകാരന്‍ ജനിച്ചു.  കാലം തനിക്ക് നല്‍കിയ ദാരിദ്യവും പട്ടിണിയും അപമാനവും അയാള്‍ കടലാസ്സിലേക്ക് പകര്‍ത്തി.  ആ അനുഭവങ്ങളും ദുരിതവുമെല്ലാം പില്‍ക്കാലത്ത് കഥകളായും നോവലുകളായും വായിച്ച് ലോകം അത്ഭുതം കൊണ്ടു.  ഇത് ചാള്‍സ് ഡിക്കന്‍സ്.  സാഹിത്യത്തില്‍ ഷേക്‌സ്പിയറിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരന്‍.   ഓരോരുത്തരിലും ഒരു തീ കെടാതെ അവശേഷിക്കുന്നുണ്ടാകും. എത്ര പ്രതിസന്ധികള്‍ വന്നാലും അവയെ അണയ്ക്കാനാകില്ല.  നമ്മിലെ ആ തീയെ കണ്ടെത്തുക.  അണയ്ക്കാതെ ആളികത്തിക്കുക.

0 comments:

Post a Comment