Part - 78

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വന്‍മരത്തിന്റെ വലുപ്പം കണ്ട് ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഇത്രയും വലിയ മരം എങ്ങിനെയാണ് ഉണ്ടായത്? അപ്പോള്‍ ഗുരു പറഞ്ഞു: നിങ്ങള്‍ പോയി അതിന്റെ ഒരു പഴം പറിച്ചുകൊണ്ടുവരിക.  പഴം കൊണ്ടു വന്നപ്പോള്‍ അത് മുറിക്കാന്‍ ഗുരു ആവശ്യപ്പെട്ടു.  ശിഷ്യന്‍ ആ പഴം മുറിച്ചപ്പോള്‍ അതില്‍ നൂറ്കണക്കിന് വിത്തുകള്‍ .  അതിലൊന്ന് തിരഞ്ഞെടുക്കാന്‍ ഗുരു വീണ്ടും പറഞ്ഞു.  അപ്പോള്‍ അവര്‍ ഒരു വിത്ത് കയ്യിലെടുത്തു.  അതും പൊട്ടിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.  അവര്‍ വിത്തു പൊട്ടിച്ചു.  എന്നിട്ട് ഗുരുവിനോട് പറഞ്ഞു: ഗുരോ, ഈ വിത്തിനകത്ത് ഒന്നുമില്ല.  ഗുരു പറഞ്ഞു: ആ ഒന്നുമില്ലായ്മയില്‍ നിന്നാണ് ഈ വന്‍മരം ഉണ്ടായത് !   ഒരു ദിവസം കൊണ്ടല്ല ഒന്നും രൂപപ്പെടുന്നത്.  എവിടെ നിന്നു തുടങ്ങി എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു സ്ഥലമോ സമയമോ പറയാന്‍ ഇല്ലാത്തവരാണ് ഭൂരിഭാഗവും.  നല്ല തുടക്കത്തിന് വേണ്ടി കാത്തിരുന്നതിനാലാണ് പലരും ഒന്നും തുടങ്ങാത്തത്.  നല്ല സമയവും കാലവും അന്വേഷിച്ച് ആയുസ്സു മുഴുവന്‍ കാത്തിരുന്ന് മുളയ്ക്കാതെ പോയ വിത്തുകള്‍ നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ കാണാം.  ശൂന്യതയില്‍ നിന്ന് നിറവിലേക്കുള്ള യാത്രയാണ് ഓരോ വളര്‍ച്ചയും.  വളര്‍ച്ചയുടെ വഴികള്‍ കാണാത്ത, ആ വഴികളിലൂടെ സഞ്ചരിക്കാന്‍ തയ്യാറാകാത്ത ഒരാളും വളരില്ല. ശ്രേഷ്ഠമായ തുടക്കങ്ങളുടെ കഥപറയാന്‍ പറ്റിയ ഇതിഹാസങ്ങള്‍ കുറവാണ്.  ഭൂരിഭാഗവും ശൂന്യതയില്‍ നിന്ന് തുടങ്ങി പടവെട്ടി പിടിച്ചുകയറിയവരാണ്.  നമ്മിലെ സ്വപ്‌നങ്ങളുടെ വിത്തുകളെ നമുക്ക് മുളയ്ക്കാന്‍ അനുവദിക്കാം.  അവയോരോന്നും സ്വപ്‌നങ്ങളില്‍ നിന്നുമിറങ്ങിവന്ന് സ്വപ്‌നസാഫല്യത്തിന്റെ വന്‍മരങ്ങളായിത്തീരട്ടെ.  ഓരോ ദിനവും ഓരോ നിമിഷവും ശൂന്യതയില്‍ നിന്ന് നിറവിലേക്കുള്ള യാത്രയായിമാറട്ടെ.

0 comments:

Post a Comment